കൊച്ചി: മലയാളത്തിലെ യുവനടന്മാരില്‍ ഏറ്റവും വലിയ ജനപ്രീതിയുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. 12 വര്‍ഷത്തെ അഭിനയ കരിയർ കൊണ്ട് ദുല്‍ഖര്‍ മലയാള സിനിമയില്‍ ഉണ്ടാക്കിയെടുത്ത ഇംപാക്ട് വളരെ വലുതാണ്. മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ഏറ്റവും ഉയര്‍ന്ന ഫസ്റ്റ് ഡേ കളക്ഷന്‍ ദുല്‍ഖറിന്റെ പേരിലാണ്. എന്നാൽ താരമിപ്പോൾ മോളിവുഡിൽ മാത്രമല്ല സിനിമകളുള്ളത്. മണിരത്‌നം ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ ദുല്‍ഖര്‍ തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചു.

ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്‌കര്‍ റിലീസിന് തയാറെടുക്കുകയാണ്. പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുന്നു ചിത്രം വലിയ പ്രതീക്ഷയോടെയാണ് എത്തുന്നത്. എന്തുകൊണ്ടാണ് വർഷത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്യുന്നത് എന്നതിന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം.

‘വാപ്പച്ചിയും ലാലങ്കിളും അവരുടെ കരിയറിന്റെ പീക്കിലാണ് വര്‍ഷത്തില്‍ 15ഉം 20ഉം സിനിമകള്‍ ചെയ്തത്. അന്ന് അവര്‍ക്കത് ചെയ്യാന്‍ എളുപ്പമായതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്. പക്ഷേ ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും മറ്റ് സോഷ്യല്‍ മീഡിയകളും കടന്നുവന്നതോടെ ഓഡിയന്‍സിന്റെ ഫ്രീക്വന്‍സി കുറഞ്ഞതുപോലെയാണ് എനിക്ക് തോന്നുന്നത്. എല്ലാ സിനിമയിലും ഒരേ മുഖം തന്നെ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്ന ഒരു കാര്യം. അത് എത്രത്തോളം സത്യമാണെന്ന് ഉറപ്പില്ല.

എനിക്കിപ്പോഴും ഓര്‍മയുണ്ട്, വാപ്പിച്ചിയുടെ നാല് സിനിമകള്‍ ഒരു ഓണം സീസണില്‍ റിലീസായിരുന്നു. നാലും ഹിറ്റായി മാറി. അന്ന് എങ്ങനെയാണെന്ന് വെച്ചാല്‍ ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് അടുത്ത ദിവസം തന്നെ പുതിയ സിനിമയുടെ ഷൂട്ട് തുടങ്ങിവെക്കും. ലാലങ്കിളും അതുപോലെയൊക്കെയായിരുന്നു. ഇന്നും അവര്‍ സിനിമയോട് പാഷനേറ്റ് ആണ്. അതുകൊണ്ടാണ് ഇന്നും അവര്‍ നിലനില്‍ക്കുന്നത്,’ ദുല്‍ഖര്‍ പറഞ്ഞു.

ലക്കി ഭാസ്‌കര്‍ ആണ് ദുൽഖറിന്റെ വരാനിരിക്കുന്ന ചിത്രം. ദീപാവലി റീലിസായി എത്തുന്ന ഈ ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചു വരവിനൊരുങ്ങുകയാണ് ദുല്‍ഖര്‍. വെങ്കി അറ്റ്‌ലൂരിയാണ്, 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ലക്കി ഭാസ്‌കര്‍ രചിച്ചു സംവിധാനം ചെയ്തത്. സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറില്‍ നിര്‍മ്മിക്കുന്ന ലക്കി ഭാസ്‌കര്‍ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.