മഞ്ചേരി: തന്റെ സിനിമ ഇഷ്ടപ്പെട്ടാല്‍ കൂട്ടുകാരോട് പറയുക. ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്നോട് പറയുകയെന്ന് ഫഹദ് ഫാസില്‍. തന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം അല്‍ത്താഫ് സലിം സംവിധാനംചെയ്യുന്ന 'ഓടും കുതിര ചാടും കുതിര' ആണെന്ന് പറഞ്ഞു കണ്ടാണ് ഫഹദിന്റെ വാക്കുകള്‍.

മഞ്ചേരിയില്‍ ഒരു ജ്വല്ലറിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും തീയേറ്ററിലെത്തി ചിത്രം കാണണമെന്ന് ഫഹദ് അഭ്യര്‍ഥിച്ചു.

'അടുത്ത സിനിമ അല്‍ത്താഫ് സലി സംവിധാനംചെയ്യുന്ന ഓടും കുതിര ചാടും കുതിരയാണ്. ഓണത്തിനായിരിക്കും റിലീസ്. എല്ലാവരും പോയി കാണുക. ഇഷ്ടപ്പെട്ടാല്‍ കൂട്ടുകാരോട് പറയുക. ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്നോട് പറയുക', എന്നായിരുന്നു ഫഹദ് ഫാസിലിന്റെ വാക്കുകള്‍.

റൊമാന്റിക് കോമഡി ഴോണറിലിറങ്ങുന്ന 'ഓടും കുതിര ചാടും കുതിര', കല്യാണി പ്രിയദര്‍ശനും ഫഹദും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും അല്‍ത്താഫ് സലീം തന്നെയാണ്. 'ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള' എന്ന നിവിന്‍ പോളി ചിത്രത്തിന് ശേഷം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'.