മടിക്കേരി: തെന്നിന്ത്യൻ താരം രശ്മിക മന്ദാനയ്ക്ക് മുപ്പതാം ജന്മദിനം ഇരട്ടി മധുരമുള്ളതായി. ഭർത്താവും നടനുമായ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ജന്മനാടായ കൊടകിലായിരുന്നു ഇത്തവണത്തെ ആഘോഷം. വിവാഹശേഷമുള്ള താരത്തിന്റെ ആദ്യ ജന്മദിനമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. ജന്മദിന സമ്മാനമായി നഗരത്തിനടുത്ത് ഒരു ആഡംബര ബംഗ്ലാവാണ് രശ്മികയുടെ പിതാവ് മകൾക്ക് നൽകിയത്. 'സെറീനിറ്റി' എന്നാണ് ഈ പുതിയ വീടിന് പേരിട്ടിരിക്കുന്നത്. നാട്ടുകാരും ആഘോഷത്തിന്റെ ഭാഗമായി.

ഗ്രാമവാസികൾക്കായി ഭക്ഷണവും മധുരവും വിതരണം ചെയ്തതിനൊപ്പം വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകളും കുടുംബം ചടങ്ങിൽ പ്രഖ്യാപിച്ചു. ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ചായിരുന്നു വിജയ് ദേവരകൊണ്ടയുമായുള്ള രശ്മികയുടെ വിവാഹം. ജന്മദിനത്തിൽ രശ്മികയും വിജയും ചേർന്ന് പാടിയിലെ പ്രശസ്തമായ ശ്രീ ഇഗ്ഗുത്തപ്പ ക്ഷേത്രത്തിൽ ദർശനം നടത്തി.

ഇതിന്റെ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് വിരാജ്‌പേട്ടയിലെ കൺവെൻഷൻ സെന്ററിൽ നടന്ന ആഘോഷങ്ങളിൽ പരമ്പരാഗത കൊടവ വസ്ത്രമണിഞ്ഞാണ് താരം എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ആരാധകർക്ക് ആവേശം നൽകുന്ന മറ്റൊരു വാർത്ത കൂടി ഇതിനിടെ പുറത്തുവന്നു.

ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം രശ്മികയും വിജയ് ദേവരകൊണ്ടയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുകയാണ്. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി' എന്ന ചിത്രത്തിലാണ് ഇരുവരും നായികാനായകന്മാരാകുന്നത്. ഇതിന് പുറമെ, ഷാഹിദ് കപൂർ, കൃതി സനോൺ എന്നിവർക്കൊപ്പം അഭിനയിക്കുന്ന ബോളിവുഡ് ചിത്രം 'കോക്ക്ടെയിൽ 2' ജൂൺ 19-ന് തിയറ്ററുകളിലെത്തും. ഹോമി അദജാനിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.