കൊച്ചി: ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തന്റെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി നടി ഗായത്രി അരുൺ. മുന്നൂറിലധികം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ തട്ടിപ്പിന് ഇരയായതായും താരം വെളിപ്പെടുത്തി. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഗായത്രി അറിയിച്ചു. തട്ടിപ്പിനിരയായ പല കുട്ടികളും പണമടച്ച് വഞ്ചിക്കപ്പെട്ടതിന്റെ സ്ക്രീൻഷോട്ടുകൾ സഹിതം തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഗായത്രി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

2024 സെപ്റ്റംബർ മൂന്നാം തീയതി കൊച്ചിയിലെ ഒരു ഓൺലൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിൽ താൻ പങ്കെടുത്തിരുന്നു. അതിനുശേഷം തന്റെ അനുമതിയില്ലാതെ സ്ഥാപനം ബിസിനസ് ആവശ്യങ്ങൾക്കായി ചിത്രം ഉപയോഗിക്കുകയായിരുന്നു. വാട്‌സാപ്പ് പ്രൊഫൈൽ ചിത്രമായും ഇത് ഉപയോഗിക്കുന്നതായും താരം കൂട്ടിച്ചേർത്തു. ഇതിനെതിരെ നിയമപരമായ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഗായത്രി അറിയിച്ചു.

പിആർ ഏജൻസികൾ വഴിയാണ് സാധാരണയായി ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കുന്നതെന്നും വിദ്യാഭ്യാസ സ്ഥാപനമായതിനാൽ എല്ലാ സർട്ടിഫിക്കേഷനുകളും ഉണ്ടോ എന്ന് അന്വേഷിച്ച ശേഷമാണ് പങ്കെടുത്തതെന്നും ഗായത്രി വ്യക്തമാക്കി. അതിന് മുൻപോ ശേഷമോ സ്ഥാപനവുമായി തനിക്ക് വ്യക്തിപരമായ യാതൊരു ബന്ധവുമില്ല. തന്റെ സമ്മതമില്ലാതെയാണ് അന്ന് ഉദ്ഘാടനത്തിന് എടുത്ത ചിത്രം പ്രചാരണത്തിനായി ഉപയോഗിക്കുന്നതെന്നും അവർ പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ പണമടച്ച നിരവധി കുട്ടികൾക്കും മാതാപിതാക്കൾക്കും പിന്നീട് യാതൊരു വിവരവും ലഭിച്ചില്ലെന്നും ഗായത്രി പറഞ്ഞു. ഗൂഗിൾ അക്കൗണ്ടിൽ സ്ഥാപനത്തിനെതിരെ പറ്റിക്കപ്പെട്ട നിരവധി ആളുകളുടെ മോശം റിവ്യൂകൾ താൻ കണ്ടതായും ഗായത്രി വെളിപ്പെടുത്തി. തട്ടിപ്പിനിരയായ വിദ്യാർത്ഥികൾ എത്രയും വേഗം നിയമപരമായി മുന്നോട്ടുപോകണമെന്നും അവർ അഭ്യർത്ഥിച്ചു.