മുംബൈ: കുറച്ചുകായി സ്തനാര്‍ബുദ ചികിത്സയിലാണ് നടി ഹിനാ ഖാന്‍. കഴിഞ്ഞ വര്‍ഷം ചികിത്സകള്‍ക്കിടയിലൂടെയാണ് അവര്‍ കടന്നുപോയത്. ഇതേക്കുറിച്ചുള്‌ല അനുഭവം പങ്കുവെച്ചു നടി രംഗത്തുവന്നു. പോയവര്‍ഷത്തെ മറക്കാനാവാത്ത ചില നിമിഷങ്ങളടങ്ങിയ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഹിന പോസ്റ്റ് ചെയ്തത്. സ്തനാര്‍ബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും ചികിത്സാകാലയളവിലെ പുരോഗതിയേക്കുറിച്ചുമൊക്കെ നിരന്തരം പങ്കുവെക്കുന്നയാള്‍ കൂടിയാണ് ഹിന. മെക്കയിലേക്കുള്ള തീര്‍ഥയാത്ര, ഷൂട്ടുകളില്‍ നിന്നുള്ള നിമിഷങ്ങള്‍, കാമുകനും കുടുംബത്തിനുമൊപ്പമുള്ള യാത്രകള്‍ തുടങ്ങിയവയാണ് ചിത്രങ്ങളിലുള്ളത്. ഒപ്പം മനോഹരമായൊരു കുറിപ്പും ഹിന പങ്കുവെച്ചിട്ടുണ്ട്.

ആജീവനാന്ത അനുഭവങ്ങള്‍ക്ക് തുല്യമായ വര്‍ഷം എന്ന ആമുഖത്തോടെയാണ് ഹിനയുടെ കുറിപ്പ് ആരംഭിക്കുന്നത്. പോയവര്‍ഷം ഞെട്ടലുകള്‍, വേദന, കണ്ണുനീര്‍, ചെറുസന്തോഷങ്ങള്‍, മുറിപ്പാടുകള്‍, ആയിരക്കണക്കിന് സ്റ്റിച്ചുകള്‍, പ്രതീക്ഷ, പോസിറ്റിവിറ്റി, വിശ്വാസം, സന്തോഷം ഒരുപാട് സ്‌നേഹം എന്നിവ നിറഞ്ഞതായിരുന്നു. അതെന്നെ ക്ഷമയും സഹിഷ്ണുതയും അച്ചടക്കവും നിശ്ചയദാര്‍ഢ്യവും കൃതജ്ഞതയും പഠിപ്പിച്ചു. അഞ്ഞൂറ് ചിത്രങ്ങളിലൂടെപോലും അതെല്ലാം പ്രകടിപ്പിക്കാനാവില്ലെന്നും ഹിന കുറിക്കുന്നു.

കഴിഞ്ഞവര്‍ഷം ജൂണിലാണ് ഹിന ഖാന് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനേക്കുറിച്ചും ഷൂട്ടിങ്ങിനിടയില്‍ ആദ്യ കീമോ ചെയ്തതിനേക്കുറിച്ചുമൊക്കെ ഹിന സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചികിത്സാനന്തരം മുടി താനേ കൊഴിയുന്നതിന് മുമ്പേ മുഴുവനായും മുറിച്ച് വിഗ് വച്ചതിനേക്കുറിച്ചും ഹിന പറഞ്ഞിരുന്നു.

കാന്‍സറാണെന്ന് സ്ഥിരീകരിച്ച ദിവസം പുരസ്‌കാരനിശയില്‍ പങ്കെടുത്തതിന്റെയും കീമോതെറാപ്പി കഴിഞ്ഞയുടന്‍ ഷൂട്ടിങ് സെറ്റിലെത്തിയതിന്റെയും ദൃശ്യങ്ങള്‍ ഹിന പങ്കുവെക്കുകയുണ്ടായി. തന്നേപ്പോലെ അര്‍ബുദത്തോട് പോരാടുന്നവര്‍ക്ക് കരുത്താകാനാണ് ഇക്കാര്യങ്ങള്‍ പങ്കുവെക്കുന്നതെന്നും ഹിന നിരന്തരം പറയാറുണ്ട്.