- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടിക്കാനും ഇടിപ്പിക്കാനും ഞങ്ങൾ ആരോടും പറഞ്ഞിട്ടില്ല; ചെറുതും വലുതുമായ എല്ലാ പൊങ്കാലയും സ്വീകരിക്കുന്നു; വരിക ഇടുക മാറി നിൽക്കുക; എല്ലാത്തിനും മറുപടിയുമായി ജിഷിന്റെ ഭാര്യ
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു ഇടിച്ചിട്ട തമിഴ്നാട് സ്വദേശിയായ തങ്കരാജ് മരണപ്പെട്ടു. ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തങ്കരാജ് ഇന്നലെയാണ് മരിച്ചത്. മരണത്തെ തുടർന്ന് സിദ്ധാർത്ഥ് പ്രഭുവിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അപകടത്തിനുശേഷം സിദ്ധാർത്ഥ് പ്രഭുവിനെ പിന്തുണച്ച് രംഗത്തെത്തിയ നടൻ ജിഷിൻ മോഹനും അദ്ദേഹത്തിന്റെ ഭാര്യ അമേയയും സമൂഹമാധ്യമങ്ങളിൽ കടുത്ത സൈബർ ആക്രമണം നേരിടുകയാണ്.
കഴിഞ്ഞ മാസം 24-ന് രാത്രി എംസി റോഡിൽ കോട്ടയം നാട്ടകത്തുവെച്ചാണ് അപകടമുണ്ടായത്. മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ച സിദ്ധാർത്ഥ് പ്രഭു തങ്കരാജിനെ ഇടിച്ചിടുകയായിരുന്നു. തങ്കരാജിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടശേഷം നാട്ടുകാരുമായും പൊലീസുമായും സിദ്ധാർത്ഥ് പ്രഭു വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് ചിങ്ങവനം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. വൈദ്യപരിശോധനയിൽ സിദ്ധാർത്ഥ് പ്രഭു മദ്യപിച്ചിരുന്നതായി തെളിഞ്ഞിരുന്നു.
തങ്കരാജിന്റെ മരണവാർത്ത പുറത്തുവന്നതോടെയാണ് സിദ്ധാർത്ഥ് പ്രഭുവിനെ പിന്തുണച്ച ജിഷിൻ മോഹനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായത്. പുതുവത്സരാശംസകൾ നേർന്നുകൊണ്ട് ജിഷിൻ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേർ വിമർശന കമന്റുകളുമായി എത്തി. ഇതിന് പിന്നാലെയാണ് ജിഷിനെ പിന്തുണച്ച് ഭാര്യ അമേയയും രംഗത്തെത്തിയത്.
തങ്ങൾ ആരെയും വാഹനമിടിച്ച് കൊന്നിട്ടില്ലെന്നും, ആരോടും കൊല്ലാൻ ആഹ്വാനം ചെയ്തിട്ടില്ലെന്നും, ആരെങ്കിലും അത് ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ന്യായീകരിച്ചിട്ടില്ലെന്നും അമേയ വ്യക്തമാക്കി. ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെയാണ് സംസാരിച്ചതെന്നും, ആ നിലപാടിൽ തങ്ങൾക്ക് ഇപ്പോഴും മാറ്റമില്ലെന്നും അമേയ കൂട്ടിച്ചേർത്തു. "ചെറുതും വലുതുമായ എല്ലാ പൊങ്കാലയും സ്വീകരിക്കുന്നു. വരിക ഇടുക മാറി നിന്ന് പ്രാകി കഴിഞ്ഞാൽ പോകുക" എന്നും അവർ കുറിച്ചു.
അമേയയുടെ വാക്കുകൾ...
"ചെറുതും വലുതുമായ എല്ലാ പൊങ്കാലയും സ്വീകരിക്കുന്നു. വരിക ഇടുക മാറി നിന്ന് പ്രാകി കഴിഞ്ഞാൽ പോകുക, ഞങ്ങൾ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ല, ആരോടും കൊല്ലാൻ ആഹ്വാനം ചെയ്തിട്ടുമില്ല. ആരെങ്കിലും അത് ചെയ്തെങ്കിൽ അതിനെ ന്യായീകരിച്ചിട്ടുമില്ല. ആൾക്കൂട്ട ആക്രമണം ജനം സ്വീകരിച്ചതിനെതിരെ സംസാരിച്ചു. അതിൽ ഇപ്പോഴും ഒരു മാറ്റവുമില്ല, ആ പറഞ്ഞതിൽ ഒരിഞ്ചു പുറകോട്ടില്ല." അമേയ കുറിച്ചു.




