ചെന്നൈ: തമിഴക വെട്രി കഴകം റാലിക്കിടെ 39 പേര്‍ ജീവന്‍ നഷ്ടപ്പെട്ട ദുരന്തത്തെ തുടര്‍ന്ന്, നടന്‍ ജോയ് മാത്യു ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. താരാരാധനയുടെ അതിരുകടന്ന പ്രവണതയാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിജയ് എന്നൊരു നടനെ കാണാന്‍ മാത്രമാണ് നിരപരാധികളായ ജനങ്ങള്‍ ജീവന്‍ നഷ്ടപ്പെടുത്തിയതെന്നത് ഹൃദയഭേദകമാണെന്നും, ഒരാളുടെ പ്രശസ്തി മനുഷ്യജീവിതത്തേക്കാള്‍ വിലപിടിപ്പുള്ളതാകരുതെന്നും ജോയ് മാത്യു വ്യക്തമാക്കി.

ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ:

താരാരാധനയുടെ ബലിമൃഗങ്ങള്‍

വിജയ് എന്ന തമിഴ് താരത്തെ കാണാന്‍ ,കേള്‍ക്കാന്‍ തടിച്ചുകൂടിയവരില്‍ നാല്പതോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അതില്‍ പത്തിലധികം പേരും കുട്ടികള്‍. എന്തൊരു ദുരന്തം!

എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാകുന്നത് ? അനീതിക്കെതിരെയുള്ള ഒരു പ്രക്ഷോഭത്തിന്റെ ഭാഗമായാണോ ? അല്ല. യുദ്ധവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന പ്രകടനമാണോ ? അല്ല. ദാരിദ്ര്യനിര്‍മാര്‍ജനത്തിനോ തൊഴിലില്ലായ്മ പരിഹരിക്കാനോ അഴിമതിക്കെതിരെയോ ഇനി ഭരണമാറ്റത്തിന് വേണ്ടി തന്നെയോ ആണോ അല്ല. എല്ലാം വിജയ് എന്ന താരത്തെ കാണാന്‍; കേള്‍ക്കാന്‍.

താരം എന്നത് മറ്റെല്ലാ മനുഷ്യരെയും പോലെ തിന്നുകയും തൂറുകയും ചെയ്യുന്ന ഒരു മനുഷ്യനാണെന്നും അമാനുഷ കഴിവുകളൊന്നുംതന്നെയില്ലാത്ത സാദാ മനുഷ്യനാണെന്നും മാധ്യമങ്ങളും ആരാധക വങ്കന്മാരും മിത്തിക്കല്‍ പരിവേഷത്തില്‍ സൃഷ്ടിച്ചെടുക്കുന്ന ഒന്നാണെന്നും എന്നാണ് ഇവര്‍ മനസ്സിലാക്കുക? തമിഴ് നാടിനെ സംബന്ധിച്ചു ഇത്തരം ബലികള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി അണ്ണാദുരൈയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തീവണ്ടി ബോഗികള്‍ക്ക് മുകളിരുന്നു യാത്ര ചെയ്തു മരണപ്പെട്ടവര്‍ നിരവധി. എംജിആര്‍, ജയലളിത തുടങ്ങിയവരുടെ ശവസംസ്‌കാര നേരത്തും ഈ മാതിരി മരണാചാരങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഒരു താരത്തെക്കാണാനും കേള്‍ക്കാനും വന്ന് തിക്കുതിരക്കുകളില്‍പ്പെട്ടു കുട്ടികളടക്കം ഇത്രയധികം പേര്‍ ബലിയാടുകളാകുന്നത് ആദ്യം. അധികാരത്തിനു വേണ്ടിയുള്ള ആള്‍ക്കൂട്ട പ്രദര്‍ശനത്തില്‍ അതിവൈകാരികതയുടെ ഇരകളാകുന്നത് നിഷ്‌കളങ്കരായ കുഞ്ഞുങ്ങളും ബോധമില്ലാത്ത മനുഷ്യരും. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു.