- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള, സ്വീറ്റായ, പാവത്താനായ നടി'; വിസ്മയ മോഹൻലാലിന് പിറന്നാൾ മധുരവുമായി ജൂഡ് ആന്തണി; 'തുടക്ക'ത്തിന്റെ പുത്തൻ ലുക്ക് പുറത്ത്

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ പുത്തൻ ലുക്ക് പുറത്ത്. വിസ്മയയുടെ മുപ്പത്തിനാലാം ജന്മദിനത്തോടനുബന്ധിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫാണ് പോസ്റ്റർ പുറത്തുവിട്ടത്. നിറഞ്ഞ ചിരിയോടെ നിൽക്കുന്ന വിസ്മയയുടെ ലുക്ക് ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.
താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള, മധുരസ്വഭാവമുള്ള നടിയാണ് വിസ്മയ എന്ന് ജൂഡ് കുറിച്ചു. "ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളേ" എന്ന ആശംസയോടെയാണ് വിസ്മയയ്ക്ക് ജന്മദിന സമ്മാനമായി സംവിധായകൻ പോസ്റ്റർ പങ്കുവെച്ചത്. 2018-ന് ശേഷം ജൂഡ് ഒരുക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം 'തുടക്ക'ത്തെ നോക്കിക്കാണുന്നത്.
മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാലും രംഗത്തെത്തി. "പ്രിയപ്പെട്ട മായക്കുട്ടിക്ക് ജന്മദിനാശംസകൾ. ഈ വർഷം മനോഹരമായ ഒരു പുതിയ തുടക്കത്തിന്റേതാണ്. നിന്റെ സ്വപ്നങ്ങൾ പൂവണിയുന്നതിനും സിനിമയിലേക്കുള്ള നിന്റെ ചുവടുവെപ്പുകൾക്കും ഈ വർഷം സാക്ഷ്യം വഹിക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കാണിക്കുന്ന ധൈര്യത്തിൽ എനിക്ക് വലിയ അഭിമാനമുണ്ട്. ലോകം നിന്റെ കഴിവ് തിരിച്ചറിയുന്ന വർഷമാകട്ടെ ഇത്. സ്നേഹത്തോടെ അച്ഛൻ"- മോഹൻലാൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. താരപുത്രിയുടെ സിനിമാപ്രവേശനത്തിനായി ഏറെ കാത്തിരിപ്പിലാണ് ആരാധകർ.


