കൊച്ചി: മമ്മൂട്ടി പ്രധാന വേഷങ്ങളിലെത്തുന്ന 'കളങ്കാവൽ' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വന്നതോടെ ആകാംഷയോടെ ആരാധകർ. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ, നിഗൂഢവും വിചിത്രവുമായ പശ്ചാത്തലത്തിലുള്ള മമ്മൂട്ടിയുടെ ദൃശ്യമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്.

വിനായകനും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ്' എന്ന ചിത്രത്തിന് കഥയൊരുക്കി ശ്രദ്ധേയനായ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജിതിൻ കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് 'കളങ്കാവൽ'. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം മുജീബ് മജീദും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ്.

ജോർജ് സെബാസ്റ്റ്യൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. ഷാജി നടുവിൽ പ്രൊഡക്ഷൻ ഡിസൈനറും ആൻ്റണി സ്റ്റീഫൻ പബ്ലിസിറ്റി ഡിസൈനറുമാണ്. ട്രൂത് ഗ്ലോബൽ ഫിലിംസാണ് ചിത്രത്തിന്റെ ഓവർസീസ് വിതരണ പങ്കാളികൾ. ചിത്രത്തിന്റേതായി ഇതിനുമുൻപ് പുറത്തുവന്ന ഒരു സ്റ്റില്ലും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പുതിയ പോസ്റ്റർ പുറത്തുവന്നതോടെ സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംഷ വർധിച്ചിരിക്കുകയാണ്.