തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലൂടെയാണ് ജയറാമും പാര്‍വതിയും കടന്ന് പോകുന്നത്. ഏഴ് മാസത്തിനുള്ളില്‍ രണ്ട് മക്കളുടെയും വിവാഹമാണ് സംഭവിച്ചിരിക്കുന്നത്. രണ്ട് മക്കളും പുതു ജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് അച്ഛനും അമ്മയും. കഴിഞ്ഞ മെയിലാണ് മകള്‍ മാളവികയുടെ വിവാഹം ഗുരുവായൂവില്‍ വച്ച് നടന്നത്. ഇപ്പോള്‍ കാളിദാസിന്റെ കല്ല്യാണവും ഇതേ സന്നിധിയില്‍ വച്ച് ഇന്ന് നടന്നിരിക്കുകയാണ്.

ഓരേ വര്‍ഷം രണ്ട് മക്കളുടെയും കല്ല്യാണം നടന്നിതിന്റെ സന്തോഷത്തിലാണ് പാര്‍വതി. ഇരുവരുടെ വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. അതിഥികളെ സ്വീകരിക്കുന്നതിന്റെയും മക്കള്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കുന്നതിന്റെ തിരക്കിലായിരുന്നു താരം.

ഒരു വര്‍ഷം തന്നെ ഒരുപാട് ചടങ്ങുകളായെന്നായിരുന്നു പാര്‍വതിയുടെ ആദ്യ പ്രതികരണം. അതിനു ശേഷം രണ്ടു മക്കളുടെയും വിവാഹം ഒന്നിനു പിറകെ ഒന്നായി നടന്നതിന്റെ ഇരട്ടി സന്തോഷം താരം വെളിപ്പെടുത്തി. 'പെട്ടന്ന് രണ്ടു കുട്ടികളുടെയും കല്യാണമായി. ഇരട്ടി സന്തോഷമാണ്. ഡബിള്‍ അമ്മായി അമ്മ ആയി,' പാര്‍വതി പുഞ്ചിരിയോടെ പറഞ്ഞു.

ഏറെ വൈകാരികമായാണ് ജയറാമും പ്രതികരിച്ചത്. വിവാഹത്തിനുശേഷം ഹോട്ടലിലെത്തിയതിന് പിന്നാലെ ജയറാം മകള്‍ മാളവികയേയും മരുമകന്‍ നവനീതിനേയും കെട്ടിപ്പിടിച്ച് കരഞ്ഞു. ഏറെ സന്തോഷം നിറഞ്ഞ നിമിഷമാണെന്നും ഒരു മകനേയും മകളേയും കൂടി കിട്ടിയെന്നും ജയറാം പ്രതികരിച്ചു.

കാളിദാസ് താലി കെട്ടിയതിന് ശേഷം തരിണിയുടെ കണ്ണുകളും നിറഞ്ഞിരുന്നു. കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞിരുന്നെങ്കിലും കരച്ചില്‍ അടക്കാനായില്ല. കാളിദാസ് തരിണിയെ സമാധിനിപ്പിക്കുകയും ചെയ്തു. ജീവിതത്തിലെ പുതിയ യാത്രയ്ക്ക് തുടക്കമായി എന്നായിരുന്നു കാളിദാസിന്റെ പ്രതികരണം. 'ഞങ്ങള്‍ 'ലിറ്റില്‍' എന്ന് വിളിക്കുന്ന തരിണിക്കൊപ്പമാണ് ഇനി ജീവിതം. എല്ലാവരും നേരിട്ട് വന്ന് ഞങ്ങളെ അനുഗ്രഹിച്ചതിന് ഒരുപാട് നന്ദി.'-കാളിദാസ് തരിണിയെ ചേര്‍ത്തുപിടിച്ച് പറഞ്ഞു.

ഇനി ഒരുമിച്ച് പോകുന്ന വിദേശയാത്രയെ കുറിച്ചാണ് മാളവിക മനസുതുറന്നത്. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളെല്ലാം യാത്ര പോകുന്നുണ്ടെന്നും അതിന്റെ ആവേശത്തിലാണ് താനെന്നും മാളവിക പറഞ്ഞു. രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തില്‍ ഗുരുവായൂരിലായിരുന്നു താലികെട്ട്. ബുധനാഴ്ച്ച കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ചെന്നൈയില്‍ വിവാഹ വിരുന്ന് സംഘടിപ്പിക്കും. കഴിഞ്ഞ വെള്ളിയാഴ്ച്ച ജയറാം ചെന്നൈയില്‍ പ്രീ വെഡ്ഡിങ് ആഘോഷവും നടത്തിയിരുന്നു. 2023 നവംബറില്‍ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം.