ചെന്നൈ: ദീപിക പദുക്കോണിനെ 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗത്തിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്തകൾക്കിടെ, താരം സ്വയം ചിത്രത്തിൽ നിന്ന് പിന്മാറിയതാണെന്ന് പുതിയ റിപ്പോർട്ടുകൾ. ആദ്യ ഭാഗം വൻ വിജയമായതിന് പിന്നാലെയാണ് രണ്ടാം ഭാഗത്തിൽ ദീപികയുടെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞെന്നും, നായകനായ കമൽഹാസന് കൂടുതൽ സ്ക്രീൻ ടൈം ലഭിച്ചെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വൈജയന്തി മൂവീസ് നിർമ്മിക്കുന്ന 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗത്തിൽ ദീപിക പദുക്കോൺ ഉണ്ടാകില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു. 'നിരവധി ആലോചനകൾക്ക് ശേഷം ഞങ്ങൾ പിരിയാൻ തീരുമാനിച്ചു. ആദ്യ സിനിമയുടെ നീണ്ട യാത്ര ഉണ്ടായിരുന്നിട്ടും പങ്കാളിത്തം കണ്ടെത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. കൽക്കി പോലൊരു സിനിമയ്ക്ക് വലിയ പ്രതിബദ്ധത ആവശ്യമാണ്. അവർക്ക് നല്ലൊരു ഭാവി നേരുന്നു,' നിർമ്മാതാക്കളുടെ പ്രസ്താവനയിൽ പറയുന്നു.

എന്നാൽ, ദീപികയുടെ ചില ആവശ്യങ്ങളാണ് താരത്തെ ചിത്രത്തിൽ നിന്ന് മാറ്റാൻ നിർമ്മാതാക്കളെ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ജോലി സമയം ഏഴ് മണിക്കൂറായി കുറയ്ക്കണം, പ്രതിഫലത്തിൽ 25 ശതമാനം വർദ്ധനവ് വേണം, ഒപ്പം ഒരു വലിയ സഹായ സംഘം വേണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചെന്നും പറയപ്പെടുന്നു.

പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ആദ്യഘട്ടത്തിൽ തീരുമാനിച്ച കഥയിൽ മാറ്റങ്ങൾ സംഭവിച്ചതാണ് ദീപികയെ ചിത്രത്തിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചത്. SUM-80 (സുമതി) എന്ന കഥാപാത്രത്തിന് നേരത്തെ കൂടുതൽ പ്രാധാന്യം നൽകിയിരുന്നു. എന്നാൽ, കഥയിൽ വരുത്തിയ മാറ്റങ്ങൾ കാരണം ഈ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞതായും, കമൽഹാസന്റെ കഥാപാത്രത്തിന് കൂടുതൽ സ്ക്രീൻ ടൈം ലഭിച്ചതായുമാണ് പുറത്തുവരുന്ന വിവരങ്ങൾ. പ്രഭാസും അമിതാഭ് ബച്ചനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ വിജയമായിരുന്നു.