ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക ചാപ്റ്റർ 1: ചന്ദ്ര' എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായതിനു പിന്നാലെ അഭിനയം നിർത്താൻ ആലോചിച്ചതായി നായിക കല്യാണി പ്രിയദർശൻ വെളിപ്പെടുത്തി. 260 കോടിയിലധികം രൂപ കളക്ഷൻ നേടിയ മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർഹീറോ ചിത്രത്തിന്റെ ഈ വിജയത്തിനു ശേഷം എന്തു ചെയ്യണമെന്ന ആശയക്കുഴപ്പമുണ്ടായെന്ന് കല്യാണി വ്യക്തമാക്കി.

'ലോക'യുടെ വിജയത്തെത്തുടർന്നുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ, ഇനിയെന്ത് ചെയ്യണമെന്ന ചോദ്യം തന്നെ അലട്ടിയിരുന്നതായി അവർ പറഞ്ഞു. ഈ ഘട്ടത്തിൽ പിതാവും പ്രശസ്ത സംവിധായകനുമായ പ്രിയദർശന്റെ ഉപദേശം ഏറെ പ്രചോദനമായെന്നും കല്യാണി കൂട്ടിച്ചേർത്തു. 'ചിത്രം' സിനിമ 365 ദിവസം തിയേറ്ററിൽ പ്രദർശിപ്പിച്ചപ്പോൾ എല്ലാം നേടിയെന്ന് കരുതിയെങ്കിലും അതിനുശേഷം 'കിലുക്കം' പുറത്തിറങ്ങിയെന്നും, ഇത് ഏറ്റവും വലിയ വിജയമായി കരുതരുതെന്നും, നിരന്തരമായി പരിശ്രമിച്ച് മുന്നേറണമെന്നുമായിരുന്നു പിതാവ് നൽകിയ ഉപദേശം.

കള്ളിയങ്കാട്ട് നീലി എന്ന ഐതിഹ്യത്തെ ആസ്പദമാക്കി ഒരുക്കിയ 'ലോക' ഇന്ത്യൻ സിനിമയിലെ ഒരു ഫീമെയിൽ സെൻട്രിക് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. അഞ്ചു ഭാഗങ്ങളുള്ള സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.