- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു കൈയിൽ കല്യാണിയെയും മറുകൈയിൽ മായയെയും എടുത്ത് നടന്നതാണ്..'; 'തുടക്കം' മനോഹരമായ ഒരു തുടക്കമാകട്ടെയെന്ന് പ്രിയദർശന്റെ ആശംസ; അച്ഛന് ഇന്സ്റ്റഗ്രാം ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് കല്യാണി
കൊച്ചി: മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നചിത്രമാണ് 'തുടക്കം'. അടുത്തിടെയാണ് ചിത്രത്തിന്റെ പൂജ കഴിഞ്ഞത്. നിരവധി പ്രമുഖരാണ് ആശംസകളുമായി രംഗത്തെത്തിയത്. സംവിധായകൻ പ്രിയദർശൻ വിസ്മയക്ക് ആശംസകളറിയിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ, ഈ ആശംസയെക്കുറിച്ചുള്ള പ്രതികരണവുമായി നടിയും പ്രിയദർശന്റെ മകളുമായ കല്യാണി പ്രിയദർശൻ രംഗത്തെത്തിയതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
തന്റെ പിതാവിന് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടെന്ന് തനിക്ക് ഈ നിമിഷം വരെ അറിയില്ലായിരുന്നുവെന്ന് കല്യാണി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു. താൻ കള്ളം പറയുകയല്ലെന്നും അവർ കൂട്ടിച്ചേർത്തു. വിസ്മയയുടെ സിനിമാ പ്രവേശനത്തിന് ആശംസകളറിയിച്ചാണ് കല്യാണി ഈ സ്റ്റോറി പങ്കുവെച്ചത്. 'എൻ്റെ ഒരു കൈയിൽ കല്യാണിയെയും മറുകൈയിൽ മായയെയും എടുത്ത് നടന്നതാണ്. അങ്ങനെയാണ് ഞങ്ങൾ ഒരു കുടുംബമായി വളർന്നത്. ലാൽ പറഞ്ഞതുപോലെ, അവർ സിനിമയിലേക്ക് ചുവടുവെക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കല്യാണിക്ക് ലോകം ലഭിച്ചതുപോലെ, മായയുടെ തുടക്കം മനോഹരമായ ഒരു തുടക്കമാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ...' എന്നായിരുന്നു പ്രിയദർശൻ കുറിച്ചത്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലാണ് വിസ്മയ അഭിനയിക്കുന്നത്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ആശിർവാദ് സിനിമാസിന്റെ 37-ാം ചിത്രമാണിത്. അടുത്തിടെ നടന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മത്തിൽ സുചിത്രയും ക്ലാപ്പിൽ പ്രണവ് മോഹൻലാലും പങ്കാളികളായി. മോഹൻലാൽ, സുചിത്ര, പ്രണവ്, വിസ്മയ, ജൂഡ് ആന്തണി ജോസഫ്, ആന്റണി പെരുമ്പാവൂർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത 'ബാറോസി'ൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.




