തിരുവനന്തപുരം: തീക്കരുത്തുള്ളവന്‍ എന്നാണ് 'കങ്കുവ' എന്ന പദത്തിനര്‍ത്ഥം. ഇതേ പേരില്‍ ഉടന്‍ റിലീസ് ചെയ്യുന്ന തമിഴ് ചിത്രത്തില്‍ യുവത്വത്തിന്റെ ഉജ്ജ്വല താരം സൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം വീരത്വത്തില്‍ അഗ്നിയെയും വെല്ലുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന ഉറപ്പ്.

സിനിമയുടെ റിലീസിന് മുന്നാടിയായി റെഡ് എഫ്. എം റേഡിയോയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ നായകന്‍ സൂര്യയുള്‍പ്പെടെ കങ്കുവ ടീമിലെ പ്രമുഖര്‍ പങ്കെടുത്തു.

തിരുവനന്തപുരത്തെ പുരാതന കളരി സംഘമായ അഗസ്ത്യം അവതരിപ്പിച്ച കളരിയഭ്യാസ പ്രകടനങ്ങളായിരുന്നു നിശാഗന്ധിയില്‍ നടന്ന പരിപാടിയിലെ പ്രധാന ആകര്‍ഷണം. ശ്വാസമടക്കിപ്പിടിച്ചാണ് സദസ്സ് പരിപാടി കണ്ടിരുന്നത്.'കളരി കണ്ട് വിയര്‍ത്തു പോയെ'ന്ന് പ്രകടനത്തില്‍ വിസ്മയ ഭരിതനായ സൂര്യ പിന്നീട് ആവേശത്തോടെ പ്രതികരിക്കുകയും ചെയ്തു.

അഗസ്ത്യത്തിന്റെ മുഖ്യ പരിശീലകനായ ഗുരുക്കള്‍ ഡോ എസ് മഹേഷിനെ അരികില്‍ വിളിച്ച് ഹസ്തദാനം നല്‍കിയും സൂര്യ തന്റെ ആദരം പങ്കുവെച്ചു. പെണ്‍കുട്ടികളുള്‍പ്പെടെ അഗസ്ത്യത്തിലെ നാല്‍പ്പതോളം കളരി പഠിതാക്കളാണ് കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തിയ പ്രകടനത്തില്‍ പങ്കെടുത്തത്.