- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജനനായകന്റെ ലീക്കായ ദൃശ്യങ്ങൾ കണ്ടു'; ഇത് വെറുമൊരു സിനിമയല്ല, വിജയ്‌യുടെ 3 മണിക്കൂർ രാഷ്ട്രീയ പ്രചാരണം; ബോധപൂർവ്വം ദൃശ്യങ്ങൾ ചോർത്തിയതാണെന്ന് സംശയമുണ്ടെന്ന് കസ്തൂരി ശങ്കർ

ചെന്നൈ: നടൻ വിജയ് നായകനായ 'ജനനായകൻ' എന്ന സിനിമയുടെ ചോർന്ന ദൃശ്യങ്ങൾ കണ്ടെന്ന് വെളിപ്പെടുത്തി നടി കസ്തൂരി ശങ്കർ. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) മൂന്ന് മണിക്കൂർ നീളുന്ന പ്രചാരണമാണ് ഈ ചിത്രമെന്നും കസ്തൂരി ആരോപിച്ചു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, പ്രദർശനാനുമതി ലഭിക്കാത്ത ചിത്രത്തിന്റെ ദൃശ്യങ്ങൾ ചോർന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.വാട്‌സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് താൻ ദൃശ്യങ്ങൾ കണ്ടതെന്ന് കസ്തൂരി പറഞ്ഞു.
"ഈ സിനിമ ജനങ്ങളിലേക്ക് എത്തുന്നത് വിജയ്‌യുടെ പാർട്ടിക്ക് വലിയ ഗുണം ചെയ്യും. സിനിമയിലെ ഓരോ വാക്കും വോട്ടർമാരിലേക്ക് എത്തിക്കാൻ വേണ്ടി ബോധപൂർവ്വം ദൃശ്യങ്ങൾ ചോർത്തിയതാണെന്ന് സംശയിക്കുന്നു. സെൻസർ ബോർഡിനെയും കേന്ദ്ര മന്ത്രാലയത്തെയും വെട്ടിച്ച് എങ്ങനെയാണ് സിനിമയുടെ ഉയർന്ന ഗുണമേന്മയുള്ള പതിപ്പ് പുറത്തുവന്നത്?" - കസ്തൂരി ചോദിച്ചു. സിനിമയിലെ രാഷ്ട്രീയ പരാമർശങ്ങൾ ഭയന്ന് ഡിഎംകെ സർക്കാർ റിലീസ് തടയാൻ ശ്രമിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
അതേസമയം, ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കെവിഎൻ പ്രൊഡക്ഷൻസിന്റെ പരാതിയിൽ ചെന്നൈ സൈബർ ക്രൈം പോലീസ് ആറുപേരെ അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സിനിമ പ്രചരിപ്പിച്ച മുന്നൂറോളം ലിങ്കുകൾ പോലീസ് നീക്കം ചെയ്തിട്ടുണ്ട്. ക്ലൗഡ് സ്റ്റോറേജ് പ്ലാറ്റ്‌ഫോമുകളിൽ സിനിമ അപ്‌ലോഡ് ചെയ്ത ശേഷം ലിങ്കുകൾ വഴി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ 21 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


