- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത തീരുമാനം; എന്റെ തീരുമാനം ആരെ എങ്കിലും നിരാശപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണം; ഇതിന് അര്‍ഹരായ ഒരുപാട് ആളുകള്‍ വേറെ ഉണ്ട്; അങ്ങനെ ആര്‍ക്കെങ്കിലും നല്‍കണം; അത് കാണുമ്പോള്‍ എനിക്ക് സന്തോഷമാകും'; കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിരസിച്ച് കിച്ച സുദീപ്
ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാരം നിരസിച്ച് നടന്‍ കിച്ച സുദീപ്. വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് നടന്‍ പുരസ്‌കാരം നിരസിച്ചത്. പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ എടുത്ത തീരുമാനമാണെന്നും മികച്ച നടനായി തന്നെ തിരഞ്ഞെടുത്ത ജൂറിയോട് നന്ദിയുണ്ടെന്നും കിച്ച സുദീപ് എക്‌സിലൂടെ അറിയിച്ചു.
'കര്‍ണാടക സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് ഒരു പദവിയാണ്. അതിന് എല്ലാ ജൂറി അംഗങ്ങളോടും നന്ദി അറിയിക്കുന്നു. എന്നാല്‍, അവാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു. പുരസ്‌കാരങ്ങളും അംഗീകാരവുമൊന്നും പ്രതീക്ഷിക്കാതെയാണ് ഞാന്‍ എപ്പോഴും അഭിനയിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം എനിക്ക് പ്രചോദനം നല്‍കുന്നു.
എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്റെ തീരുമാനം ജൂറി അംഗങ്ങളെയോ സര്‍ക്കാരിനെയോ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. എന്റെ തീരുമാനത്തെ നിങ്ങള്‍ ബഹുമാനിക്കുമെന്ന് വിശ്വസിക്കുന്നു. സിനിമയ്ക്കുവേണ്ടി ഹൃദയം നല്‍കിയ അര്‍ഹരായ മറ്റ് അഭിനേതാക്കള്‍ ഉണ്ട്. ഈ പുരസ്‌കാരം അങ്ങനെ ആര്‍ക്കെങ്കിലും നല്‍കണം. അത് കാണുമ്പോള്‍ താന്‍ ഏറെ സന്തോഷിക്കുമെന്നും അദ്ദേഹം കുറിച്ചു. എന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചതിനും ഈ അവാര്‍ഡിന് എന്നെ പരിഗണിച്ചതിനും ബഹുമാനപ്പെട്ട ജൂറി അംഗങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനും ഒരിക്കല്‍ കൂടി നന്ദി പറയുന്നു'. -കിച്ച സുദീപ് എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് 2019-ലെ കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. 2019 ല്‍ റിലീസ് ചെയ്ത 'പൈല്‍വാന്‍' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കിച്ച സുദീപിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. ത്രയംബകം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അനുപമ ഗൗഡയാണ് മികച്ച നടിയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായത്.