മകള്‍ നന്ദനയുടെ പിറന്നാള്‍ ദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി ?ഗായിക കെ എസ് ചിത്ര. കാലം മുറിവുണക്കുമെന്ന് ആളുകള്‍ പറയാറുണ്ടെങ്കിലും മകളുടെ വേര്‍പാടിന്റെ വേദനയിലാണ് താനിപ്പോഴും എന്നാണ് ചിത്ര പറയുന്നത്. മകളുടെ കുട്ടിക്കാലത്തെ ചിത്രത്തിനൊപ്പമായിരുന്നു ?ഗായികയുടെ കുറിപ്പ്.

'ഓരോ ജന്മത്തിനും ഓരോ ലക്ഷ്യമുണ്ടെന്നും അത് പൂര്‍ത്തിയാക്കി അനന്തമായ ലോകത്തേക്ക് പോകുമെന്നും ആളുകള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. കാലം മുറിവുണക്കുമെന്ന് പലരും പറയാറുണ്ട്. എന്നാല്‍ ആ അവസ്ഥയിലൂടെ കടന്നു പോയ ആളുകള്‍ക്ക് അത് സത്യമല്ലെന്നു ബോധ്യമാകും. എനിക്കേറ്റ മുറിവ് ഇപ്പോഴും ഉണങ്ങാതെ വേദനയായി നില്‍ക്കുകയാണ്. മിസ് യു നന്ദന'.- ചിത്ര കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.

മകളുടെ എല്ലാ പിറന്നാളിലും ഓര്‍മ ദിനത്തിലും ചിത്ര നൊമ്പരക്കുറിപ്പുകള്‍ പങ്കുവെക്കാറുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ല്‍ കെ എസ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ പിറന്നത്. എന്നാല്‍ 2011ല്‍ ഒന്‍പതാം വയസില്‍ നന്ദന ലോകത്തു നിന്ന് വിടപറയുകയായിരുന്നു. ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണാണ് നന്ദന മരിക്കുന്നത്.