അമ്മ സംഘടനയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തുകയോ താന്‍ മാറി നില്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. പക്ഷെ കമ്യൂണിക്കേഷന്റെ ഒരു ചെറിയ പ്രശ്‌നം ഉണ്ടായിട്ടുണ്ട്. അതിനപ്പുറം അമ്മ എന്ന സംഘടന എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. അവര്‍ ചെയ്യാന്നുള്ള എല്ലാ നല്ല പ്രവൃത്തികളുടെയും കൂടെ ഞാനുണ്ടാകും. അതില്‍ യാതൊരു വ്യത്യാസവുമില്ലെന്നും ചാക്കോച്ചന്‍ പറഞ്ഞു.

''അമ്മയുടെ നേതൃസ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ച് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നില്ല. എനിക്ക് സ്വീകാര്യതയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. സംഘടന നോക്കി നടത്താന്‍ കേപ്പബിളാകണം. പൃഥ്വിരാജ്, വിജയരാഘവന്‍ ചേട്ടന്‍ എന്നിവരൊക്കെ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യതയുള്ളവരായി തോന്നിയിട്ടുണ്ട്. ജെന്റില്‍മാന്‍ പദവി ബാധ്യതയായി തോന്നിയിട്ടില്ല. അതെന്റെ ജീവിതത്തിന്റെ ഭാഗമാണ്. സ്വഭാവത്തിന്റെ ഭാഗമാണ്. അല്ലാതെ മനപൂര്‍വം അതിനുള്ള ശ്രമം നടത്താറില്ലെ''ന്നാണ് നടന്‍ പറഞ്ഞത്.

പിന്നീട് സിനിമയിലെ സൗഹൃദങ്ങളെ കുറിച്ചാണ് താരം സംസാരിച്ചത്. മഞ്ജു, ടൊവി, പിഷാരടി തുടങ്ങിയവരൊക്കെയായി നല്ല സൗഹൃദമുണ്ട്. അടുത്തടുത്താണ് താമസമെന്നതുകൊണ്ട് മമ്മൂക്കയുമായും നല്ലൊരു സൗഹൃദമുണ്ട്. അടുത്തിടെ മമ്മൂക്ക വീട്ടില്‍ വന്നിരുന്നു. ആദ്യമായാണ് അദ്ദേഹം എന്റെ പുതിയ വീട്ടില്‍ വരുന്നത്.

മമ്മൂക്കയും ഡിക്യുവുമായും സിനിമയ്ക്കപ്പുറമുള്ള സൗഹൃദമുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. നടന്റെ അവധിക്കാല യാത്രകള്‍ കുടുംബസമേതം സുഹൃത്തുക്കള്‍ക്കൊപ്പമാണ്. മകന്‍ ഇസഹാക്കിനെ കുറിച്ചും താരം സംസാരിച്ചു. ഇസഹാക്ക് വന്നശേഷമുള്ള ജീവിതം ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ഞാന്‍ ചെയ്യാന്‍ പേടിച്ചിരുന്ന മടിച്ചിരുന്ന കഥാപാത്രങ്ങളിലേക്ക് ഫ്രീയായി ഇറങ്ങി ചെല്ലാന്‍ എനിക്ക് ഇസഹാക്കിന്റെ വരവിനുശേഷം സാധിക്കുന്നുണ്ട്. കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന സമയത്തെ ചികിത്സ പ്രോസസ് അത്ര എളുപ്പമുള്ളതല്ല.

ആദ്യത്തെ ശ്രമത്തില്‍ വിജയിക്കണമെന്നുമില്ല. രണ്ടോ, മൂന്നോ പ്രാവശ്യം ചെയ്താല്‍ പോലും ഇത് വര്‍ക്കൗട്ടാകണമെന്നുമില്ല. അവിടെ തളരാതെ മുന്‍പോട്ട് പോയതിന്റെ തെളിവാണ് എനിക്ക് കാണിക്കാനായിട്ടുള്ളത്. എന്റെ ജീവിത്തിലുണ്ടായ സംഭവങ്ങള്‍ പലര്‍ക്കും ഒരു പ്രചോദനമാകുന്നുണ്ട്. ആ രീതിയില്‍ നോക്കുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്. രണ്ടാമതൊരു കുഞ്ഞിനെ കൂടി സ്വപ്‌നം കാണുന്നുണ്ടോയെന്ന് ചോദിച്ചാല്‍ നല്ലത് സംഭവിക്കുകയാണെങ്കില്‍ സംഭവിക്കട്ടെ.

ഇസഹാക്കിന് സിനിമ ഇഷ്ടമാണ്. ആക്ഷന്‍ മൂവീസ് ഇഷ്ടമാണ്. കരാട്ടെ പഠിക്കാനാണ് അവന് താല്‍പര്യം. ഡാന്‍സിനോടും താല്‍പര്യമുണ്ട് അവന്. ഇപ്പോള്‍ യുകെജിയില്‍ പഠിക്കുകയാണ്. അടുത്ത ഏപ്രിലില്‍ ആറ് വയസാകും. അവന്‍ പെട്ടന്ന് വളരുന്നുവെന്നുള്ള ചെറിയ വിഷമമുണ്ടെന്നും നടന്‍ പറഞ്ഞു.