കൊച്ചി: ഫഹദ് ഫാസിലിന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രമായിരുന്നു 'ചാപ്പാ കുരിശ്'. 2011ൽ റീലീസ് ചെയ്ത ചിത്രത്തില്‍ ഫഹദിന് ഒരു ലക്ഷം രൂപ ആയിരുന്നു പ്രതിഫലം നല്കിയിരുന്നതെന്ന് പറയുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ‘സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമി’യുടെ കോൺവോക്കേഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ലിസ്റ്റിൻ. ചടങ്ങിലെ മുഖ്യ അതിഥി ഫഹദ് ഫാസിലായിരുന്നു.

'2011-ൽ ആ സിനിമ ചെയ്യുമ്പോൾ, പ്രതിഫലത്തെക്കുറിച്ച് ഞങ്ങൾക്കിടയിൽ വ്യക്തമായ ഒരു ധാരണയുണ്ടായിരുന്നില്ല. ചിത്രീകരണം പൂർത്തിയായ ശേഷമാണ് പ്രതിഫലം നൽകിയത്. തനിക്ക് എന്ത് നൽകിയാലും സ്വീകരിക്കാമെന്നായിരുന്നു ഫഹദിന്റെ നിലപാട്' ലിസ്റ്റിൻ പറഞ്ഞു. മുൻപ് 'ടൂർണമെന്റ്' എന്ന ചിത്രത്തിന് 65,000 രൂപയ്ക്ക് അഭിനയിച്ച ഫഹദിന്, 'ചാപ്പാ കുരിശി'ലെ കഥാപാത്രത്തിന് ഒരു ലക്ഷം രൂപ പ്രതിഫലം നൽകി.

എന്നാൽ ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ഏറ്റവും മൂല്യമുള്ള നടന്മാരിൽ ഒരാളായി ഫഹദ് ഫാസിൽ മാറിയിരിക്കുകയാണ്. ഇന്ന് അഞ്ചോ പത്തോ കോടി രൂപ നൽകിയാലും അദ്ദേഹത്തിന്റെ ഡേറ്റ് ലഭിക്കാൻ നിർമ്മാതാക്കൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. കയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെ വന്ന്, ഒരു ഗ്യാപ് എടുത്ത്, ടൂർണമെന്റ് ചെയ്ത്, കേരള കഫെയും ചെയ്താണ് ചാപ്പാ കുരിശിൽ എത്തുന്നത്. കഴിഞ്ഞ ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോഴും തന്റെ മികച്ച സിനിമകളിലൊന്നായി ഫഹദ് ചാപ്പാ കുരിശാണ് പറഞ്ഞത്. അത് ഞാൻ സ്ക്രീൻഷോട്ട് എടുത്തു വച്ചിട്ടുണ്ട്. ആ ഫഹദ് പാൻ ഇന്ത്യൻ ലെവലിലാണ് നിൽക്കുന്നത്. എല്ലാ ഭാഷയിലും വേണ്ട ആർട്ടിസ്റ്റായി അദ്ദേഹം മാറി.