- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വോട്ടിന് വേണ്ടിയുള്ള മതരാഷ്ട്രീയം അവസാനിപ്പിക്കണം'; കേരള സ്റ്റോറി 2-നെതിരെ രൂക്ഷവിമർശനവുമായി മേജർ രവി; മതസൗഹാർദം തകർക്കുന്ന നീക്കങ്ങളോട് പുച്ഛമെന്ന് സംവിധായകൻ

തിരുവനന്തപുരം: 'ദി കേരള സ്റ്റോറി 2' ചിത്രത്തിൻ്റെ ട്രെയിലറിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ മേജർ രവി. മതസ്പർധ വളർത്തുന്ന തരത്തിലുള്ള നിർബന്ധിത മതപരിവർത്തനവും ബീഫ് കഴിപ്പിക്കലുമടക്കമുള്ള രംഗങ്ങൾ ട്രെയിലറിലുണ്ടെന്ന് ആരോപിച്ചാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. മതം എന്നത് വോട്ട് രാഷ്ട്രീയത്തിനുവേണ്ടിയുള്ള സംസാരമാണെന്നും അത്തരം കാര്യങ്ങൾ മതിയാക്കണമെന്നും മേജർ രവി ആവശ്യപ്പെട്ടു. ഒരു സംവിധായകൻ എന്ന നിലയിൽ മതസൗഹാർദമാണ് താൻ എപ്പോഴും ഉയർത്തിപ്പിടിച്ചിട്ടുള്ളതെന്നും, ഇതുപോലെയുള്ള കാര്യങ്ങളിൽ തനിക്ക് താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"ഒന്നാമതായി മതം എന്ന സംസാരം തന്നെ നിർത്തുക. ഇവിടെ ആർക്കാണ് മതം കൊണ്ടുള്ള ഉപകാരം? ഇവിടുത്തെ രാഷ്ട്രീയപ്പാർട്ടിക്കാർക്ക് പത്ത് വോട്ട് കിട്ടാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതാണ് മതം," മേജർ രവി പറഞ്ഞു. ബീഫ് കഴിക്കാൻ താൽപര്യമുള്ളവർ കഴിക്കട്ടെയെന്നും, അത് കഴിക്കാത്തവർ കഴിക്കേണ്ടാ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെ മതത്തിൻ്റെ പേരിൽ കാണാൻ സാധിക്കില്ലെന്നും മേജർ രവി കൂട്ടിച്ചേർത്തു. ഒരു വ്യക്തിയെയും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ താൻ ചെയ്യില്ലെന്ന് മേജർ രവി പറഞ്ഞു.
"ഓപ്പറേഷൻ സിന്ദൂർ" നടന്ന സമയത്തെ തൻ്റെ പ്രസ്താവനയെ ഓർമ്മിപ്പിച്ചുകൊണ്ട്, പാകിസ്താനിൽ നിന്നോ ഇവിടെ നിന്നോ ആര് ചെയ്താലും ഹിന്ദുവിനെയും മുസ്ലിമിനെയും അടിപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളെ താൻ ഇപ്പോഴും നിന്ദിക്കുകയേ ഉള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങളിൽ തനിക്ക് പുച്ഛമാണെന്നും മേജർ രവി കൂട്ടിച്ചേർത്തു. 'ദി കേരള സ്റ്റോറി 2' ട്രെയിലറിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിൻ്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണ് 'കേരള സ്റ്റോറി'യെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു.


