തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനെതിരെ നടക്കുന്ന സംഘടിതമായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ സിനിമാ മേഖലയിലെ ചില വ്യക്തികൾ തന്നെയാണെന്ന് വെളിപ്പെടുത്തി അമ്മയും പ്രശസ്ത നടിയുമായ മല്ലിക സുകുമാരൻ. പൃഥ്വിരാജ് നായകനാകുന്ന 'വിലായത്ത് ബുദ്ധ' എന്ന സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന നെഗറ്റീവ് പ്രചാരണങ്ങളെക്കുറിച്ചും വ്യക്തിഹത്യയെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കാണ് മല്ലിക ശക്തമായി പ്രതികരിച്ചത്.

'പൃഥ്വിരാജാണ് അവരുടെ പ്രധാന ലക്ഷ്യം. അദ്ദേഹത്തിനെതിരെ നിരന്തരം ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ പ്രതിരോധിക്കാനോ ഒപ്പം നിൽക്കാനോ സംഘടനകളോ വ്യക്തികളോ തയ്യാറാകുന്നില്ല,' മല്ലിക സുകുമാരൻ പറഞ്ഞു. വിഷയത്തിൽ സിനിമാ സംഘടനകളുടെ നിലപാടിനെയും അവർ രൂക്ഷമായി വിമർശിച്ചു. 'ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ സംഘടനകളിൽ ആരുമില്ല. കലാകാരന്മാരുടെ സംഘടനകൾ എല്ലാ അംഗങ്ങൾക്കും ഒരുപോലെ പിന്തുണ നൽകണം,' അവർ ആവശ്യപ്പെട്ടു.

ആക്രമണമുണ്ടാകുമ്പോൾ സംഘടന കൂടെനിൽക്കുകയാണ് വേണ്ടതെന്നും മല്ലിക വ്യക്തമാക്കി. ആർട്ടിസ്റ്റുകളുടെ സംഘടന എല്ലാ ആർട്ടിസ്റ്റുകളുടെയും ഒപ്പം ഒരുപോലെ നിൽക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും താരം പറഞ്ഞു.

'പൃഥ്വിരാജിൻ്റെ വിജയങ്ങളിൽ പലർക്കും അസ്വസ്ഥതയുണ്ട്. ഇഷ്ടമല്ലാത്ത ചില ആളുകൾ സിനിമയ്ക്കുള്ളിൽ തന്നെയുണ്ട് എന്ന സത്യം ഞങ്ങൾ തിരിച്ചറിയുന്നു. സ്വന്തം മുഖം മറച്ചുവെച്ചാണ് പലരും ഈ നെഗറ്റീവ് ക്യാമ്പയിനുകൾ നടത്തുന്നത്. ഒരാൾ സ്വന്തം കഴിവുകൊണ്ട് ഉയർന്നു വരുമ്പോൾ അവനെ താഴെയിടാൻ ശ്രമിക്കുന്നവർ എല്ലാ മേഖലയിലുമുണ്ട്,' മല്ലിക സുകുമാരൻ അഭിമുഖത്തിൽ പറഞ്ഞു.

തിലകന്റെ മകൻ തിരിച്ചുവരുന്നതിനോട് ചിലർക്ക് എതിർപ്പുണ്ടെന്ന പ്രചാരണത്തെക്കുറിച്ചും അവർ പരാമർശിച്ചു. ഇത്തരം വിഷയങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്നും, നടപടി ഉണ്ടായില്ലെങ്കിൽ തനിക്ക് സാധ്യമായ എല്ലാ വേദികളിലും ഈ വിഷയം ഉന്നയിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.