- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസാരിക്കാൻ അറിയില്ലെന്ന് വിനായകൻ; നന്നായിട്ട് അഭിനയിക്കാനറിയാമെന്ന് മെഗാസ്റ്റാറിന്റെ മറുപടി; ഒരുപാട് കുസൃതികൾ കാണിക്കുമെങ്കിലും സിനിമ കാണുമ്പോള് വാത്സല്യം തോന്നും; പ്രശംസിച്ച് മമ്മൂട്ടി
കൊച്ചി: വരാനിരിക്കുന്ന ക്രൈം ത്രില്ലർ ചിത്രം 'കളങ്കാവലി'ന്റെ പ്രീ-റിലീസ് ടീസർ ഇവന്റിൽ സഹതാരം വിനായകനെ പ്രശംസിച്ച് മമ്മൂട്ടി. ഡിസംബർ 5-ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൽ താനൊരു പ്രതിനായകന്റെ വേഷത്തിലെത്തുമ്പോൾ, വിനായകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് മമ്മൂട്ടി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ പ്രീ റിലീസ് ടീസർ ഈവന്റിൽ വിനായകനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
"എനിക്ക് സംസാരിക്കാൻ അറിയില്ലെന്ന് അറിയാല്ലോ," എന്ന് വേദിയിലെത്തിയ വിനായകൻ പറഞ്ഞപ്പോൾ മമ്മൂട്ടി ഉടൻ പ്രതികരിച്ചു, "സംസാരിക്കാൻ അറിയില്ലെങ്കിലും നന്നായിട്ട് അഭിനയിക്കാനറിയാം." തുടർന്ന് വിനായകനെ ഒരു വികൃതിക്കുട്ടിയെപ്പോലെ താരതമ്യം ചെയ്ത മമ്മൂട്ടി, "ക്ലാസ്സിൽ കുസൃതി കാണിക്കുന്ന ഒത്തിരി കുട്ടികളുണ്ടാകും. പക്ഷേ അവരോട് നമുക്കൊരു വാത്സല്യം തോന്നും. അങ്ങനത്തെ ഒരു കുസൃതിക്കാരനാണ് വിനായകൻ. വിനായകൻ ഒരുപാട് കുസൃതികൾ കാണിക്കുമെങ്കിലും ഒരു വാത്സല്യം ഇയാളുടെ സിനിമകൾ കാണുമ്പോൾ നമുക്ക് തോന്നിപ്പോകും," എന്ന് കൂട്ടിച്ചേർത്തു. ഈ പ്രശംസയ്ക്ക് മറുപടിയായി, "ഇങ്ങനെയൊരു ഭാഗ്യം ഇനി ആർക്കും ഉണ്ടാകുമെന്ന് കരുതുന്നില്ല, താൻ അത്രയും ഭാഗ്യമുള്ളവനാണ്," എന്ന് വിനായകൻ സന്തോഷം പങ്കുവെച്ചു.
സ്വന്തം കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അത് തനിക്ക് ലഭിച്ച ഏറ്റവും വലിയ പരീക്ഷണങ്ങളിൽ ഒന്നായിരുന്നുവെന്നും മമ്മൂട്ടി സൂചിപ്പിച്ചു. ഒരുപക്ഷേ ഈ കഥാപാത്രത്തെ സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ പ്രേക്ഷകർക്ക് കഴിഞ്ഞെന്ന് വരില്ല, എന്നാൽ തിയറ്ററിൽ ആ കഥാപാത്രത്തെ ഉപേക്ഷിച്ച് പോകാനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡാൻസറായി വേദികളിൽ നിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന വിനായകൻ, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിലൂടെ ശ്രദ്ധേയനാണ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെയും രജനികാന്ത് അടക്കമുള്ള സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചതിലൂടെയും പാൻ ഇന്ത്യൻ തലത്തിൽ വിനായകൻ തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്.




