മാര്‍ച്ചിലാണ് പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും പഴയ വീട് സ്റ്റേക്കേഷനാക്കാന്‍ തീരുമാനിക്കുന്നത്. 12 വര്‍ഷം മമ്മൂട്ടി കുടുംബ സമേതം താമസിച്ചിരുന്നത് ഈ വീട്ടിലാണ്. ഈ വീട്ടിലേക്ക് കയറുമ്പോള്‍ മമ്മൂട്ടി എന്ന നടന്റെ ഓരോ ഓര്‍മ്മകളും നിഴലിച്ച് നില്‍ക്കുന്നത് നമ്മുക്ക് ഏവര്‍ക്കും അറിയാന്‍ സാധിക്കും. മമ്മൂട്ടിയുടെ ഓര്‍മ്മകളിലൂടെ ഇരുന്ന സോഫയില്‍ കിടന്ന കട്ടിലില്‍ എല്ലാം നമ്മളില്‍ ഒരാള്‍ക്കും ഇനി എക്‌സ്പീരിയന്‍സ് ചെയ്യാം. കുഞ്ഞ് കുഞ്ഞ് പരിപാടികള്‍ ഹോസ്റ്റ് ചെയ്യാം. എല്ലാത്തിനും പൂര്‍ണ സ്വതന്ത്ര്യത്തോടെ തുറന്ന് കൊടുത്തിരിക്കുകയാണ് മമ്മൂട്ടി ഹൗസ്.

ടൂറിസം ഹോസ്പിറ്റിലാറ്റി രംഗത്ത് മികവ് തെളിയിച്ച വികേഷന്‍ എക്‌സ്പീരിയന്‍സസാണ് മമ്മൂട്ടിയുടെ വീടിന്റെ ചുമതലക്കാര്‍. മമ്മൂട്ടി ഇടയ്ക്ക് ചെയ്യുന്നതുപോലെ സ്വര്‍ണക്കരയിട്ട വെളുത്ത കപ്പില്‍ തേന്‍ നിറമുള്ള കട്ടന്‍ചായ കുടിക്കാം. അകത്തെ സ്വീകരണമുറിയില്‍ നൂലുകള്‍ കോര്‍ത്ത് ഭീഷ്മയിലെ മമ്മൂട്ടിയുടെ മൈക്കിളപ്പന്‍ എന്ന കഥാപാത്രത്തിന്റെ ജീവനുള്ള വോള്‍ ഫ്രെയിം. സൂക്ഷിച്ചു നോക്കിയാല്‍ ആ നോട്ടം നിങ്ങളിലേക്കെന്ന് വ്യക്തം.

ഇവിടെ വരുന്നവര്‍ക്ക് ഒന്നും ഇഷ്ടമാകാതെ പോകരുത്. താക്കോല്‍ കൈമാറുമ്പോള്‍ സുല്‍ഫത്ത് ഇത്രമാത്രമാണ് പറഞ്ഞത്. വീട് പുതുക്കി പണിയുമ്പോള്‍ ഇന്റിരീയര്‍ മുതല്‍ അടുക്കളയിലെ കാര്യങ്ങള്‍ വരെ നോക്കി നടത്തിയത് സുല്‍ഫത്തായിരുന്നു. ബുക്കിങ് തുടങ്ങുന്നതിന് മുന്‍പ് അമ്മയുടെ സിലക്ഷന്‍ കാണാന്‍ ദുല്‍ഖറും സുറുമിയുമെത്തി. പിന്നെ അവരുടെ ഐഡിയകള്‍ കൂടി സ്വീകരിച്ചാണ് ഒടുവിലെ മാറ്റങ്ങള്‍ വരുത്തിയത്.

പണി എല്ലാം പൂര്‍ത്തിയാക്കി ഏപ്രിലിലാണ് മമ്മൂട്ടി ഹൗസ് അതിഥികള്‍ക്കായി തുറന്ന് കൊടുത്തത്. ആദ്യം താമസിക്കാന്‍ എത്തിയവരുടെ അഭിപ്രായങ്ങള്‍ മാനിച്ച് വീടിന് ചില മാറ്റങ്ങളും വരുത്തിയാണ് ഇപ്പോള്‍ നല്‍കുന്നത്. താഴത്തെ നിലയില്‍ പഴയകാല ഓര്‍മ്മകള്‍ മമ്മൂട്ടിയുടെ അമ്മ താമസിച്ചിരുന്ന മുറി, ഡൈനിങ് ഹാള്‍, കിച്ചന്‍ എല്ലാം അത്യന്തം ശുഭ്രതയോടും സുസൂക്ഷ്മതയോടും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നു. ബെഡ് ഷീറ്റുകളില്‍ നിന്നും തലയിണക്കവര്‍ വരെയുള്ളത് വരെ 'മ്മ' എന്ന ബ്രാന്‍ഡിങ് അടയാളം കാണാം. അതിഥികള്‍ക്കായി ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റ്, ചായ, കോഫി, ജ്യൂസ് എന്നിവ ഏത് സമയത്തും ലഭ്യമാക്കുന്ന സംവിധാനവുമുണ്ട്.

താഴത്തെ ഫ്‌ലോര്‍ മാത്രമായി ചെറിയ ചടങ്ങുകള്‍ക്ക് നല്‍കാനും ആലോചനയുണ്ട്.' മമ്മൂട്ടിയുടെ വീട്ടിലായിരുന്നു എന്‍ഗേജ്‌മെന്റ് ' -എന്ന് ഓര്‍മകള്‍ പങ്കുവയ്ക്കാനുള്ള ക്ഷണം. മമ്മൂട്ടിയെക്കുറിച്ച് വിവിധ കാലത്തില്‍ എഴുതിയ പല പുസ്തകങ്ങളും ഷെല്‍ഫില്‍ വച്ചിട്ടുണ്ട്. പടി കയറുമ്പോള്‍ താരത്തിന്റെ വിവിധ കഥാപാത്രങ്ങളിലെ ചിത്രങ്ങള്‍. ചന്തുവിന്റെ, ഭാസ്‌കര പട്ടേലരുടെ വാറുണ്ണിയുടെ അങ്ങനെ അങ്ങനെ... മതിലുകളിലെയും വടക്കന്‍ വീരഗാഥയിലെയും അഭിനയത്തിന് മമ്മൂട്ടി ആദ്യ ദേശീയ അവാര്‍ഡ് വാങ്ങുന്ന ചിത്രങ്ങളും വോളില്‍ വച്ചിട്ടുണ്ട്.

മുകളിലെ നിലകളില്‍ മമ്മൂട്ടി, ദുല്‍ഖര്‍, സുറുമി എന്നിവരുടെ പേരുകളില്‍ വ്യത്യസ്ത മുറികള്‍. ദുല്‍ഖറിന്റെ കാറുകളുടെയും, സുറുമിയുടെ ചിത്രങ്ങളുടെയും ശോഭ. മമ്മൂട്ടിയുടെ ആഖ്യാനങ്ങള്‍ നിറഞ്ഞ ബെഡ്റൂം. അതിഥികള്‍ക്ക് ഓരോ മുറിയിലും താരങ്ങളുടെ വ്യക്തിത്വം അനുഭവിക്കാവുന്ന വിധത്തിലുള്ള സംവിധാനം. മൂന്നാം നിലയില്‍ മമ്മൂട്ടിയുടെ സ്വകാര്യ ഹോം തിയറ്ററും, രണ്ട് ആയിരത്തിലധികം ഡിവിഡികളുളള സിനിമ ശേഖരവുമുണ്ട്. ഗോഡ്ഫാദര്‍ മുതല്‍ ഉസ്താദ് ഹോട്ടല്‍ വരെ ഉള്‍പ്പെടുന്ന ആലങ്കാരിക കളക്ഷന്‍ ഭാവിയില്‍ പ്രിവ്യൂ പ്രദര്‍ശനത്തിനായി ലഭ്യമാക്കാനാണ് തീരുമാനം. വീട്ടില്‍ സെറ്റുചെയ്തിരിക്കുന്ന അവാര്‍ഡുകളുടെ തിളക്കം അതിഥികളോട് മമ്മൂട്ടിയുടെ അഭിനയയാത്രയുടെ ജൈവ സാക്ഷ്യങ്ങളായും മാറുന്നു 3 ദേശീയ, 10 സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള വിപുലമായ പുരസ്‌കാരശേഖരം.

വീണ്ടും പുറത്തേക്ക് നടന്ന് വരുമ്പോള്‍ അതിഥികള്‍ക്ക് ഒരു പാക്കേജ്ഡ് ഗിഫ്റ്റ് ഹാംപര്‍ സമ്മാനമായി. ''ഇത് മമ്മൂട്ടിയുടെ വീട്... അതിനുപുറം എനിക്കെന്ത് വേണം?'' വീട്ടിന്റെ നിസ്സംഗ നിലയിലും ആഴമുള്ള ആത്മാവ് മുഴുവനായും അനുഭവിക്കാവുന്ന ഒറ്റയിടം.