- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ അടുത്ത് ഈശ്വരനായിട്ട് അയച്ചതാണ് ഇവളെ.. ജീവിക്കാൻ പേടിക്കേണ്ട എന്ന് കാണിച്ചു തന്നവൾ'; ഒരിക്കലും പൊഴിഞ്ഞു പോകരുതെന്നാഗ്രഹിക്കുന്ന ബന്ധം; കുറിപ്പുമായി മഞ്ജു പത്രോസ്

കൊച്ചി: നടി മഞ്ജു പത്രോസ് തന്റെ ഉറ്റ സുഹൃത്തും 'അളിയൻസ്' പരമ്പരയിലെ സഹതാരവുമായ സൗമ്യ ഭാഗ്യനാഥന് ജന്മദിനാശംസകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധേയമാകുന്നു. ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നാണ് സൗമ്യയുമായുള്ളതെന്ന് മഞ്ജു പോസ്റ്റിൽ പറയുന്നു.
സൗമ്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മഞ്ജുവിന്റെ കുറിപ്പ്. "ഈശ്വരൻ ചില മനുഷ്യരെ നമുക്ക് അരികിൽ എത്തിക്കും. അവർക്ക് ചില നിയോഗങ്ങൾ ഉണ്ടാകും. അങ്ങനെ എന്റെ അടുത്ത് ഈശ്വരനായിട്ട് അയച്ചതാണ് ഇവളെ," മഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒരുപാട് ചിരിച്ചും കരഞ്ഞും സങ്കടങ്ങൾ പങ്കുവെച്ചും തങ്ങൾ കൂട്ടുകൂടാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും, ജീവിക്കാൻ പേടിക്കേണ്ട എന്ന് കാണിച്ചുതന്നത് ഒരു പരിധി വരെ സൗമ്യയാണെന്നും മഞ്ജു ഓർമിപ്പിക്കുന്നു. വണ്ടി വാങ്ങാൻ തന്നോട് ആദ്യം പറഞ്ഞതും ജീവിതത്തിലെ പലഘട്ടങ്ങളിലും മുന്നോട്ട് പ്രേരിപ്പിച്ചതും സൗമ്യയാണെന്നും താരം കൂട്ടിച്ചേർത്തു. "ജീവിതത്തിൽ നിന്നും ഒരിക്കലും പൊഴിഞ്ഞു പോകരുതെന്ന് മനസ്സിൽ ആഗ്രഹിക്കുന്ന ബന്ധങ്ങളിൽ ഒന്നാണ് ഇത്. എന്റെ സിങ്കപ്പെണ്ണിന് എല്ലാ നന്മകളും ജീവിതത്തിൽ ഉണ്ടാകട്ടെ," എന്നാണ് സൗമ്യക്ക് മഞ്ജു ആശംസിച്ചത്.
മഞ്ജു പത്രോസും സൗമ്യ ഭാഗ്യനാഥനും നിലവിൽ കൗമുദി ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന 'അളിയൻസ്' എന്ന ജനപ്രിയ പരമ്പരയിൽ നാത്തൂൻമാരായി അഭിനയിച്ചുവരികയാണ്. അനീഷ് രവി, റിയാസ് നർമകല തുടങ്ങിയവരും ഈ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'വെറുതെയല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മഞ്ജു പത്രോസ് പിന്നീട് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവ സാന്നിധ്യമാണ്.


