കൊച്ചി: മലയാളത്തിന്റെ പ്രിയ നടി ആനിയുമായുള്ള ദീർഘകാല ബന്ധവും ഊഷ്മള സൗഹൃദവും ഓർമ്മിച്ചെടുത്ത് ഗായിക മഞ്ജു തോമസ്. ആനിക്കൊപ്പമുള്ള പഴയകാല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മഞ്ജു ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്. നടി ആനി തന്റെ അകന്ന ബന്ധുവാണെന്നും, കുട്ടിക്കാലത്ത് ആനിയുടെ ബന്ധുവാണെന്ന് കൂട്ടുകാരോട് അഭിമാനത്തോടെ പറഞ്ഞിരുന്ന ആനന്ദനിമിഷങ്ങളെ കുറിച്ചും മഞ്ജു കുറിപ്പിൽ പറയുന്നു. ബന്ധുക്കൾ വീട്ടിൽ ചെന്നാൽ ഒരു സാധാരണ ചേച്ചിയെ പോലെ മിണ്ടിപ്പറഞ്ഞിരിക്കുന്ന ആനിയുടെ വിശേഷങ്ങളും മഞ്ജു പങ്കുവച്ചു. പഴയ ചിത്രങ്ങൾ കണ്ടപ്പോൾ ഇതൊക്കെ ഓർമ വന്നുവെന്നും മഞ്ജു തോമസ് കുറിച്ചു.

കുറിപ്പിന്റെ പൂർണ രൂപം:

അമ്മയാണേ സത്യം! ഇത് ഒരു ‘ചിത്ര’കഥയാണ്. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു എന്റെ അമ്മയുടെ ഫസ്റ്റ് കസിൻ സോഫിയാന്റിയുടെ കല്യാണം. കല്യാണാലോചന വന്നപ്പോഴേ കുടുംബത്തിൽ ചർച്ചയായ ഒരു വ്യക്തി, ചെക്കന്റെ ചേട്ടന്റെ മകളായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുന്ന ആ കുട്ടിയെ ബാലചന്ദ്രമേനോന്റെ പുതിയ സിനിമയിൽ അഭിനയിക്കാൻ വിളിച്ചിട്ടുണ്ടെന്ന്!! കുട്ടിയുടെ പേര് ആനി. വീട്ടിൽ വിളിക്കുന്നത് ചിത്ര എന്നാണത്രേ. എന്നെപ്പോലെ ഒരു ടീനേജ് പെൺകുട്ടിക്ക് ആനന്ദലബ്ധിക്കിനിയെന്ത് വേണ്ടൂ . പഠിക്കുന്ന ക്ലാസ്സിലും കൂട്ടുകാരുടെയിടയിലും ഒക്കെ ന്യൂസ് പരന്നു. മഞ്ജു തോമസിന്റെ കസിൻ ആണ് ‘അമ്മയാണേ സത്യ’ത്തിലെ നായിക ആനി. പിന്നീടങ്ങോട്ട് ചിത്രച്ചേച്ചിയുടെ ഉയർച്ചയിൽ ഞങ്ങളെല്ലാവരും ഏറെ അഭിമാനിച്ചു. ചേച്ചിയുടെ ഷൂട്ടിങ് ലൊക്കേഷനിലെ ഫോട്ടോസ് ഒക്കെ ഫ്രണ്ട്സിനെ കാണിച്ച് കുറേ ഷൈൻ ചെയ്തിട്ടുണ്ട് അന്നൊക്കെ.

ഇത്രയും നക്ഷത്രത്തിളക്കത്തിൽ നിൽക്കുമ്പോഴും ഞങ്ങൾ ബന്ധുക്കൾ അവരുടെ വീട്ടിൽ ചെന്നാൽ ഒരു സാധാരണ ചേച്ചിയെ പോലെ ഞങ്ങളോടൊക്കെ മിണ്ടിപ്പറഞ്ഞിരിക്കുമായിരുന്നു. ഓരോ തവണ പോകുമ്പോഴും ചിത്രച്ചേച്ചിയുടെ വക എന്തെങ്കിലും ഒരു ഡെസേർട്ട് ചേച്ചി വിളമ്പുമായിരുന്നു. കുടുംബത്തിനുള്ളിലും പുറത്തുള്ളവർക്കും മോശമായി പറയാൻ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല (16 വയസ്സുള്ള ആനിയുടെ കാര്യമാണ് പറയുന്നത് കേട്ടോ) ഇപ്പോഴും ഒരു മാറ്റവുമില്ല.

ഞങ്ങളുടെ കുടുംബത്തിലുള്ള മിക്ക കല്യാണങ്ങൾക്കും ചേച്ചി ഒരു താരസാന്നിധ്യമായിരുന്നു. എനിക്ക് പണ്ടേ ഫോട്ടോ ഒരു വീക്ക്നെസ്സ് ആയതുകൊണ്ട് എപ്പോൾ കണ്ടാലും ചേച്ചിയുടെ കൂടെ ഫോട്ടോ എടുക്കുമായിരുന്നു.

1) എട്ടാം ക്ലാസ്സിൽ വച്ച് ചിത്രച്ചേച്ചി അമ്മയാണെ സത്യത്തിന്റെ ഷൂട്ട് കഴിഞ്ഞ സമയത്ത് എന്റെ വീട്ടിൽ വന്നപ്പോൾ എടുത്തതാണ്.

2) ഞാൻ പ്രീഡിഗ്രീ ഒന്നാം വർഷം പഠിക്കുമ്പോൾ ട്രിവാൻട്രം ലൂർദ്ദ് പള്ളിയിൽ വച്ച് ഒരു കല്യാണത്തിന് കണ്ടപ്പോൾ എടുത്തത്.

3) എന്റെ കല്യാണത്തിന്, ചേച്ചിയും മോനും.

4) 2019 ൽ മറ്റൊരു കല്യാണത്തിന് കണ്ടപ്പോൾ... കൂടെയുള്ളത് എന്റെ മകനാണ്. ഇതിലെ ഹൈലൈറ്റ് ഈ 32 വർഷങ്ങളിൽ ചേച്ചിയുടെ സ്നേഹത്തിനും സൗഹൃദത്തിനും ഒരു കുറവും വന്നിട്ടില്ല എന്നതാണ്. ഇന്ന് പഴയ ഫോട്ടോസ് കണ്ടപ്പോൾ ഇതൊക്കെ ഓർമ വന്നു. നിങ്ങളോട് ഷെയർ ചെയ്യണമെന്ന് തോന്നി.