- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒ.ടി.ടിയിൽ കണ്ട ആ ചിത്രം എന്നിൽ ഇത്രയധികം സ്വാധീനം ചെലുത്തുമെന്ന് ഞാൻ കരുതിയില്ല'; മൂന്ന് ദിവസത്തോളം ഞാൻ അസ്വസ്ഥനായിരുന്നു; ഹിന്ദി ചിത്രത്തെ പ്രശംസിച്ച് മാരി സെൽവരാജ്
ചെന്നൈ: ഹിന്ദി ചിത്രം 'ഹോംബൗണ്ട്' തന്നെ ദിവസങ്ങളോളം അസ്വസ്ഥനാക്കിയെന്ന് തമിഴ് ചലച്ചിത്രയ സംവിധായകൻ മാരി സെൽവരാജ്. നീരജ് ഗൈവാൻ സംവിധാനം ചെയ്ത ഈ ചിത്രം തന്നെ ആഴത്തിൽ സ്വാധീനിച്ചെന്നും സിനിമയുടെ യാഥാർത്ഥ്യബോധം പുതിയ ചിന്തകളിലേക്ക് നയിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. സുധീർ ശ്രീനിവാസനുമായി നടത്തിയ ചർച്ചയിലാണ് മാരി സെൽവരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
"ഒ.ടി.ടിയിലാണ് ഞാൻ ഈ സിനിമ കണ്ടത്. അത് എന്നിൽ ഇത്രയധികം സ്വാധീനം ചെലുത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല. രണ്ടുമൂന്ന് ദിവസത്തോളം ഞാൻ വല്ലാതെ അസ്വസ്ഥനായിരുന്നു. കൊറോണ ലോക്ക്ഡൗൺ കാലത്തെ നമ്മൾ എത്ര ലാഘവത്തോടെയാണ് കടന്നുപോയതെന്ന് ഞാൻ ചിന്തിച്ചുപോയി. ആ ദിവസങ്ങളിൽ ഞാൻ ആരോടും സംസാരിച്ചിരുന്നില്ല. സിനിമയെ എങ്ങനെ കൂടുതൽ സത്യസന്ധമായും യാഥാർത്ഥ്യബോധത്തോടെയും അവതരിപ്പിക്കാം എന്ന് ഈ ചിത്രം എന്നെ ചിന്തിപ്പിച്ചു," അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗൺ കാലത്തെ തൊഴിലിടങ്ങളിലെ കഷ്ടപ്പാടും തുടർന്നുണ്ടാകുന്ന ജീവിത പ്രതിസന്ധികളുമാണ് 'ഹോംബൗണ്ടിന്റെ' പ്രധാന ഇതിവൃത്തം. ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനം നേരിട്ട് പൊലീസ് പരീക്ഷയെഴുതാൻ ശ്രമിക്കുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ബഷാറത്ത് പീർ 'ന്യൂയോർക്ക് ടൈംസിൽ' എഴുതിയ ലേഖനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'മസാൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നീരജ് ഗൈവാൻ ആണ് സംവിധാനം. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രമുഖ സംവിധായകൻ മാർട്ടിൻ സ്കോർസെസെയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
2026ലെ ഓസ്കാർ പുരസ്കാരത്തിനുള്ള മികച്ച വിദേശഭാഷാ ചിത്രങ്ങളുടെ പട്ടികയിൽ 'ഹോംബൗണ്ട്' ഇടംനേടിയിട്ടുണ്ട്. പാ. രഞ്ജിത്ത് നിർമ്മിച്ച് തമിഴകത്തെ ജാതീയ അസമത്വത്തെ വിഷയമാക്കിയ 'പരിയേറും പെരുമാളാണ്' മാരി സെൽവരാജിന്റെ ആദ്യ ചിത്രം. ഡോക്ടർ ബി.ആർ. അംബേദ്കർ മുന്നോട്ടുവെച്ച ജാതീയമായി അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന്റെ രാഷ്ട്രീയം പറയുന്ന ഈ ചിത്രം തമിഴ്‌നാട്ടിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിരുന്നു. പിന്നീട് ധനുഷിനെ നായകനാക്കി 'കർണ്ണൻ' സംവിധാനം ചെയ്തു. 'മാമന്നൻ', 'വാഴൈ', 'ബൈസൺ: കാലമാടൻ' എന്നിവയാണ് മാരി സെൽവരാജിന്റെ മറ്റ് ചിത്രങ്ങൾ.




