കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾക്കെതിരെ ഉയർന്നുവന്ന പിആർ വിവാദം വീണ്ടും ചർച്ചയാകുന്നു. ബിഗ് ബോസ് ഷോ പിആർ ഉപയോഗിച്ച് വിജയിച്ചതിൽ നാണക്കേടില്ലേ എന്ന് നടി മായ വിശ്വനാഥ് ചോദിച്ചു. നൂറ് ദിവസത്തെ മത്സരത്തിനൊടുവിൽ അനുമോളാണ് ഇത്തവണ ബിഗ് ബോസ് കിരീടം ചൂടിയത്. അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മായ വിശ്വനാഥ് ഈ വിഷയത്തിൽ അതൃപ്തി രേഖപ്പെടുത്തിയത്. "പിആർ കൊണ്ട് അവാർഡ് നേടി അത് വീട്ടിൽ കൊണ്ടുപോവാൻ ഉളുപ്പില്ലേ? പണമുണ്ടെന്ന് കരുതി എന്തും കാണിക്കാമെന്നാണോ? ഈ പണം ക്യാൻസർ വാർഡിലും മറ്റും ചികിത്സയിലിരിക്കുന്നവർക്ക് നൽകിക്കൂടെ? ഒരു ട്രോഫിയിലാണോ ജീവിതം ഇരിക്കുന്നത്? ബിഗ് ബോസ് വിജയിച്ച എത്രപേർ സിനിമയിലും സീരിയലിലും തിളങ്ങിയിട്ടുണ്ട്?" മായ വിശ്വനാഥ് ചോദിച്ചു.

ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ബിന്നി സെബാസ്റ്റ്യനാണ് അനുമോൾ പുറത്ത് 16 ലക്ഷം രൂപയുടെ പിആർ നൽകിയാണ് ഹൗസിലേക്ക് വന്നതെന്ന് ആദ്യമായി ആരോപണം ഉന്നയിച്ചത്. ഈ ആരോപണം ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. പിആർ ഉപയോഗിച്ചാണ് അനുമോൾ വിജയം നേടിയതെന്ന വാദങ്ങൾ ശക്തമായി നിലനിൽക്കുന്നതിനിടെയാണ് മായ വിശ്വനാഥിന്റെ പ്രതികരണം.