മൂഹ മാധ്യമങ്ങളിൽ തന്നെ 'കഴുത' എന്ന് വിശേഷിപ്പിച്ചയാൾക്ക് ശക്തമായ മറുപടിയുമായി നടി മീനാക്ഷി അനൂപ് രംഗത്ത്. കഴുത ബുദ്ധിയില്ലാത്ത ജീവിയെന്ന പൊതുധാരണ തെറ്റാണെന്നും ശാസ്ത്രീയമായി ഉയർന്ന ബുദ്ധിയുള്ള ജീവിയാണ് അതെന്നും താരം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. മലയാളികളുടെ പ്രിയങ്കരിയായ മീനാക്ഷി, ടെലിവിഷൻ അവതാരകയായും 'അമർ അക്ബർ ആന്റണി', 'ജംമ്ന പ്യാരി' തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെയും ശ്രദ്ധേയയാണ്.

ഒരു കമന്റിന് മറുപടിയായാണ് മീനാക്ഷി കഴുതയുടെ ബുദ്ധിയെക്കുറിച്ച് വിശദീകരിച്ചത്. "ശാസ്ത്രീയമായ അറിവിന്റെ അടിസ്ഥാനത്തിലാണ് കമൻ്റ് എങ്കിൽ സന്തോഷം... എന്നാൽ പൊതുവെ പറഞ്ഞു കേൾക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് കമൻ്റ് എങ്കിൽ താങ്കളാണ് 'വിവരദോഷി'," മീനാക്ഷി കുറിച്ചു. കഴുത ബുദ്ധിയില്ലാത്ത ജീവിയല്ലെന്നും, മറിച്ച് ഉയർന്ന നിലവാരത്തിലുള്ള ബുദ്ധിയുണ്ടെന്നും അവർ വാദിച്ചു. നമ്മൾ പറയുന്നത് അതേപടി അനുസരിക്കാത്തതാണ് പ്രശ്‌നം. കഴുതയ്ക്ക് ഒരു കാര്യം ചെയ്യണമെന്നുണ്ടെങ്കിൽ അതിനും അത് ശരിയാണെന്ന് തോന്നണമെന്ന് മീനാക്ഷി ചൂണ്ടിക്കാട്ടി. വിജയകുമാർ ബ്ലാത്തൂരിന്റെയും വൈശാഖൻ തമ്പിയുടെയും വീഡിയോകൾ ഇതിന് റഫറൻസായി അവർ പങ്കുവെച്ചു. താൻ ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തിലും, എന്നാൽ കമൻ്റിട്ടയാൾ കേട്ടുകേഴ് വിയുടെ അടിസ്ഥാനത്തിലുമാണ് മുന്നോട്ട് പോകുന്നതെന്നും മീനാക്ഷി കൂട്ടിച്ചേർത്തു.

സമൂഹ മാധ്യമങ്ങളിൽ ഉറച്ച നിലപാടുകളോടെയുള്ള അഭിപ്രായങ്ങൾ പങ്കുവെച്ച് മീനാക്ഷി ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. മുൻപ് രസകരമായ ക്യാപ്ഷനുകൾ മാത്രമാണ് പോസ്റ്റ് ചെയ്തിരുന്നതെങ്കിൽ, ഇപ്പോൾ പാഠപുസ്തകത്തിലെ കാര്യങ്ങളും വ്യക്തിപരമായ അഭിപ്രായങ്ങളും പങ്കുവെക്കാറുണ്ട്. പോസിറ്റീവും നെഗറ്റീവുമായ കമന്റുകൾ വരാറുണ്ടെങ്കിലും, എല്ലാ അഭിപ്രായങ്ങളെയും താൻ മാനിക്കുന്നതായി അവർ പറഞ്ഞു.

അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളോട് നിയമപരമായി പ്രതികരിക്കുമെന്നും മീനാക്ഷി വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കൽ തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകി കോടതിയെ സമീപിച്ചിരുന്നു. തളർന്നു പോകുമെന്ന പലരുടെയും ധാരണകളെ തെറ്റിച്ചുകൊണ്ട്, സ്വന്തം ചിത്രങ്ങളല്ലെന്ന് ഉറപ്പുള്ളതിനാൽ അതിൽ വിഷമിക്കേണ്ടതില്ലെന്ന് അവർ അന്ന് നിലപാടെടുത്തു. സമൂഹ മാധ്യമങ്ങളിലെ തെറ്റിദ്ധാരണകൾക്കെതിരെ ശാസ്ത്രീയമായ അറിവുകൾ പങ്കുവെച്ചും നിയമപരമായ നടപടികളിലൂടെയും പ്രതികരിക്കാൻ മടിക്കാത്ത വ്യക്തിത്വമാണ് മീനാക്ഷിയുടേത്.