- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിവാഹത്തിന് സ്വർണ്ണം വേണ്ട, അച്ഛനമ്മമാരെ കഷ്ടപ്പെടുത്തില്ല'; യോജിച്ച ആളെ ഞാൻ തന്നെ കണ്ടെത്തും; മനസ്സ് തുറന്ന് മീനാക്ഷി അനൂപ്; കയ്യടിച്ച് സോഷ്യൽ മീഡിയ

കൊച്ചി: വിവാഹത്തെക്കുറിച്ചും ഭാവിജീവിതത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ച് നടി മീനാക്ഷി അനൂപ്. വിവാഹത്തിന് സ്വർണം അണിയുന്നതിനോട് തനിക്ക് താൽപ്പര്യമില്ലെന്നും മകളുടെ വിവാഹത്തിനായി മാതാപിതാക്കൾ സാമ്പത്തികമായി കഷ്ടപ്പെടരുത് എന്നതാണ് തന്റെ ആഗ്രഹമെന്നും താരം വ്യക്തമാക്കി.
ഇത്രയും കാലം തന്നെ വളർത്തിയത് അച്ഛനും അമ്മയുമാണെന്നും ഇനിയങ്ങോട്ടുള്ള കാര്യങ്ങൾ തന്റെ ഉത്തരവാദിത്തമാണെന്നുമാണ് മീനാക്ഷി വിശ്വസിക്കുന്നത്. "എനിക്ക് ഏറ്റവും യോജിച്ച ആളെ കണ്ടെത്താൻ എനിക്കല്ലേ സാധിക്കൂ? വിവാഹത്തിനായി മാതാപിതാക്കളെ സാമ്പത്തിക സമ്മർദ്ദത്തിലാക്കാൻ എനിക്കിഷ്ടമല്ല. അന്നത്തെ സാമ്പത്തിക സാഹചര്യത്തിനനുസരിച്ച് വിവാഹം ലളിതമാക്കണോ ആഘോഷമാക്കണോ എന്ന് തീരുമാനിക്കാം," മീനാക്ഷി പറഞ്ഞു.
വിവാഹശേഷം ഒരാളുടെ വീട്ടിലേക്ക് മറ്റൊരാൾ പോകുന്ന 'പറിച്ചുനടൽ' രീതി വേണ്ടെന്ന നിലപാടാണ് മീനാക്ഷിയുടേത്. "വിവാഹശേഷം രണ്ടുപേരും ചേർന്ന് പുതിയൊരിടത്തുനിന്ന് ജീവിതം തുടങ്ങുന്നതാണ് നല്ലത്. നിലവിലുള്ള ജീവിതരീതികൾ അതിനായി മാറേണ്ടി വരരുത്. സ്വന്തമായി ഒരു വീട് വേണമെന്നത് ചെറിയ പ്രായം മുതലേയുള്ള ആഗ്രഹമാണ്," മീനാക്ഷി കൂട്ടിച്ചേർത്തു.
വിവാഹത്തിന് സ്വർണ്ണം വാരിക്കൂട്ടുന്നതിനോടും താരത്തിന് യോജിപ്പില്ല. "സ്വർണ്ണം വെച്ച് വിവാഹം നടത്തുന്നതിനോട് ഒട്ടും താൽപ്പര്യമില്ല. എനിക്ക് സ്വർണ്ണം വേണമെന്നുണ്ടെങ്കിൽ അത് ഞാൻ തന്നെയല്ലേ വാങ്ങി അണിയേണ്ടത്? അതിനായി വീട്ടുകാർ കഷ്ടപ്പെടേണ്ടതില്ല," മീനാക്ഷി പറഞ്ഞു.


