കൊച്ചി: ടെലിവിഷൻ അവതാരകയായും അഭിനേത്രിയായും മലയാളികളുടെ മനംകവർന്ന മീനാക്ഷി അനൂപ്, സോഷ്യൽ മീഡിയയിലെ തന്റെ നിലപാടുകൾ കൊണ്ട് വീണ്ടും ശ്രദ്ധേയയാകുന്നു. തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തെ നിയമപരമായി നേരിട്ടതിനെക്കുറിച്ചും ആദ്യമായി കോടതി കയറിയതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞു. പ്രതികൾക്ക് ശിക്ഷ വാങ്ങിനൽകാൻ സാധിച്ചുവെന്നും മീനാക്ഷി പറയുന്നു.

നേരത്തെ രസകരമായ ക്യാപ്ഷനുകൾ മാത്രം പങ്കുവെച്ചിരുന്ന മീനാക്ഷി, പിന്നീട് തന്റെ പാഠപുസ്തകത്തിലെ അറിവുകളും സ്വന്തം അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തുടങ്ങി. ഇതിനിടെയാണ് താരത്തിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ചിലർ പ്രചരിപ്പിച്ചത്. താൻ തളർന്നുപോകുമെന്ന് കരുതിയവർക്ക് ശക്തമായ മറുപടിയാണ് മീനാക്ഷി നൽകിയത്. "എന്റെ ഫോട്ടോസ് അല്ലെന്ന് എനിക്ക് ഉറപ്പുള്ളപ്പോൾ അതിനെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട കാര്യമില്ലല്ലോ. ഞങ്ങൾ ഉടൻ സൈബർ സെല്ലിൽ പരാതി നൽകി. ആ കേസുമായി ബന്ധപ്പെട്ടാണ് ഞാൻ ആദ്യമായി കോടതിയിൽ കയറുന്നത്." - മീനാക്ഷി പറയുന്നു.

കേസിൽ പ്രതികളെ പിടിക്കുകയും അവർക്ക് അർഹമായ ശിക്ഷ ലഭിക്കുകയും ചെയ്തു. താനൊരു സെലിബ്രിറ്റി ആയതുകൊണ്ടല്ല നീതി ലഭിച്ചതെന്നും നമ്മുടെ നാട്ടിലെ നിയമസംവിധാനങ്ങൾ അത്രയും ശക്തമായതുകൊണ്ടാണെന്നും മീനാക്ഷി ഓർമ്മിപ്പിക്കുന്നു. സൈബർ ഇടങ്ങളിൽ മോശം അനുഭവങ്ങൾ ഉണ്ടായാൽ പെൺകുട്ടികൾ ഭയപ്പെടരുത്. ഉടൻ തന്നെ നിയമസഹായം തേടുകയാണ് വേണ്ടത്. തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ടെങ്കിൽ ആരെയും പേടിക്കേണ്ടതില്ലെന്നും താരം പറഞ്ഞു.

അമർ അക്ബർ അന്തോണി, ജമ്‌ന പ്യാരി, മോഹൻലാൽ, ക്വീൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ മീനാക്ഷി, കലാരംഗത്തെന്ന പോലെ സാമൂഹിക വിഷയങ്ങളിലും തന്റെ വ്യക്തമായ കാഴ്ചപ്പാടുകൾ രേഖപ്പെടുത്താറുണ്ട്.