മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ഹൃദയപൂര്‍വം. ഇന്നലെ ചിത്രത്തിന്റെ പൂജയും നടന്നിരുന്നു. ഇതിന്റെ വിഡിയോകളും ഫോട്ടോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. പൂജ ചടങ്ങിലെത്തിയ മോഹന്‍ലാലിന്റെ ലുക്കാണ് ആരാധകരുടെ കണ്ണിലുടക്കിയത്. വെള്ള ഷര്‍ട്ടും ധരിച്ച് ട്രിം ചെയ്ത താടിയും മുഖത്ത് ഒരു കണ്ണടയുമായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകര്‍ അത് ആവേശമാക്കി.

ചടങ്ങില്‍ ഉടനീളം മോഹന്‍ലാലിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ആരാധകര്‍ ആഘോഷമാക്കുകയാണ്. മോഹന്‍ലാലിന്റെ ആ പുഞ്ചിരി തങ്ങള്‍ക്ക് ഏറെ ആവേശം നല്‍കുന്ന കാര്യമാണെന്ന് പലരും സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. 'നാടോടിക്കാറ്റിലും വരവേല്‍പ്പിലുമെല്ലാം കണ്ട ലാലേട്ടന്റെ ചിരി വീണ്ടും കാണാന്‍ കഴിഞ്ഞു' എന്നാണ് ചിലര്‍ കുറിച്ചത്. 'ഒരു ചിരി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇളക്കിമറിച്ച്' എന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.

പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. 2015 ല്‍ പുറത്തെത്തിയ 'എന്നും എപ്പോഴും' ആണ് ഈ കൂട്ടുകെട്ടിലെ അവസാന ചിത്രം. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ സിനിമ കൂടിയാണ് ഹൃദയപൂര്‍വം. മാളവിക മോഹനനാണ് സിനിമയിലെ നായിക. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.