കൊച്ചി: നൃത്ത മത്സരങ്ങൾക്കായി കുട്ടികളെ പരിശീലിപ്പിക്കില്ലെന്ന് നടി നവ്യ നായർ. മത്സരങ്ങൾ കുട്ടികളെ അനാവശ്യമായ മാനസിക സമ്മർദ്ദങ്ങളിലേക്ക് തള്ളിവിടുമെന്നും, താൻ ഇത്തരം മത്സരങ്ങളുടെ ഇരയാണെന്നും നവ്യ വ്യക്തമാക്കി. 'മാതംഗി ബൈ നവ്യ' എന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നവ്യ ഈ നിലപാട് വ്യക്തമാക്കിയത്.

കല പഠിക്കുന്നത് മത്സരങ്ങൾക്കുവേണ്ടിയാകരുതെന്നും, കല അതിന്റെ തനതായ രൂപത്തിൽ ആസ്വദിച്ച് പഠിക്കണമെന്നും അവർ പറഞ്ഞു. "എന്റെ കരയുന്ന വീഡിയോ കണ്ടിട്ടില്ലാത്തവർ ആരുമുണ്ടാകില്ല. ആ മാനസികാവസ്ഥ മറ്റൊരുകുട്ടിക്കും ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല," നവ്യ പറഞ്ഞു. മത്സരങ്ങളിൽ 'വർണ്ണം' പോലുള്ള വലിയ ഇനങ്ങൾ 10 മിനിറ്റിനുള്ളിൽ അവതരിപ്പിക്കുന്നത് അന്യസംസ്ഥാനങ്ങളിലെ കലാകാരന്മാർ പുച്ഛത്തോടെയാണ് കാണുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

യഥാർത്ഥത്തിൽ 20-25 മിനിറ്റ് വരെ അവതരിപ്പിക്കേണ്ട ഒരു വലിയ ഇനമാണിതെന്നും, മത്സരത്തിനായി ഇതിനെ "ക്യാപ്സ്യൂൾ" പോലെയാക്കി ചുരുക്കുന്നതിനെതിരെയും നടി വിമർശനമുന്നയിച്ചു. ഇത്തരത്തിലുള്ള മത്സരങ്ങളൊന്നും ജീവിതത്തിൽ നമ്മളെ ഒരിടത്തും എത്തിക്കില്ലെന്ന് എല്ലാ കുട്ടികളോടും മാതാപിതാക്കളോടും നവ്യ ഉപദേശിച്ചു. "ജീവിതത്തിൽ നമ്മൾ ഒരൊറ്റ മനുഷ്യനോട് മാത്രമേ മത്സരിക്കാൻ പാടുള്ളൂ, അത് നമ്മളോട് തന്നെയാണ്. ഇന്നലത്തെ നമ്മളേക്കാൾ എത്ര മികച്ചതാണ് നാളത്തെ നമ്മൾ എന്നതിൽ മാത്രമേ മത്സരത്തിന്റെ ആവശ്യമുള്ളൂ," അവർ കൂട്ടിച്ചേർത്തു.