മുംബൈ: ബാന്ദ്രയില്‍ 'പുഷ്പ 2' പ്രദര്‍ശനത്തിനിടെ തിയറ്ററിനുള്ളില്‍ കാണികളുടെ മുഖത്തേക്ക് സ്‌പ്രേ അടിച്ച് അജ്ഞാത വ്യക്തി. ഇതോടെ സിനിമ കാണാനെത്തിയ കാണികള്‍ക്ക് ചുമയും തൊണ്ടയില്‍ അസ്വസ്ഥതയും ഉണ്ടായി. ബാന്ദ്രയിലെ ഗാലക്‌സി തിയറ്ററില്‍ ഇന്നലെയായിരുന്നു സംഭവം.

അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ 2: ദ റൂള്‍' എന്ന ചിത്രത്തിന്റെ പ്രദര്‍ശനം പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം. സ്‌പ്രേ അടിച്ചതിനു പിന്നാലെ കാണികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പടുകയായിരുന്നു. ആരാണ് സ്‌പ്രേ അടിച്ചതെന്നോ എന്ത് പദാര്‍ഥമാണ് കാണികളില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടാക്കിയതെന്നോ വ്യക്തമല്ല. പരിഭ്രാന്തരായ കാണികള്‍ മുഖം മൂടുന്നതും ചിലര്‍ പുറത്തേക്ക് പോകുന്നതും വിഡിയോയില്‍ കാണിക്കുന്നുണ്ട്. ഇതോടെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുകയായിരുന്നു.

''ഇന്റര്‍വെലിനു തൊട്ടു പിന്നാലെയായിരുന്നു സംഭവം. ആരോ എന്തോ സ്‌പ്രേ ചെയ്തു, ഉടനെ എല്ലാവരും ചുമക്കുന്നതായി കണ്ടു, ചിലര്‍ ഛര്‍ദിച്ചു. പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. വാതിലുകള്‍ തുറന്നപ്പോള്‍ മണം മാറി. അതിനു ശേഷം സിനിമ പുനരാരംഭിച്ചു.'' കാണികളില്‍ ഒരാളായ ദീന്‍ ദയാല്‍ പറഞ്ഞു.