തിരുവനന്തപുരം: കേന്ദ്രമന്ത്രിയായതിനുശേഷം നടന്‍ സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. താരം നായകനായെത്തുന്ന ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് തുടങ്ങി. നീണ്ടുനിന്ന പ്രതിസന്ധികള്‍ക്കൊടുവില്‍, പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തില്‍ 'ഒറ്റക്കൊമ്പ'ന്റെ ചിത്രീകരണം ആരംഭിച്ചത്. ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ മാത്യൂസ് തോമസ് ആണ്.

ചലച്ചിത്ര പ്രവര്‍ത്തകരും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഭദ്രദീപം കൊളുത്തി. സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബിനോദ് ജോര്‍ജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ബിജു പപ്പന്‍ സ്വിച്ചോണ്‍ കര്‍മ്മവും തിരക്കഥാകൃത്ത്, ഡോ. കെ.അമ്പാടി ഫസ്റ്റ് ക്ലാപ്പും നല്‍കി. മാര്‍ട്ടിന്‍ മുരുകന്‍, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് ആദ്യരംഗത്തില്‍ അഭിനയിച്ചത്.

ഒറ്റക്കൊമ്പന്‍ സിനിമയുടെ ആദ്യ ഷെഡ്യൂളിലെ ആദ്യ ദിവസമായിരുന്നു തിങ്കളാഴ്ച. പൂജപ്പുര സെന്‍ട്രല്‍ ജയിലായിരുന്നു ലൊക്കേഷന്‍. പത്ത് ദിവസമാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. ഇതില്‍ ആദ്യത്തെ മൂന്ന് ദിവസമായിരിക്കും ജയിലിലെ ചിത്രീകരണം. ഇതിനുശേഷം കോട്ടയത്തും ചിത്രീകരണമുണ്ടാവുമെന്നാണ് വിവരം.

കേന്ദ്രമന്ത്രിയായതിനുശേഷവും സുരേഷ് ഗോപി സിനിമയിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് സംസാരങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ സിനിമയിലഭിനയിക്കാന്‍ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം അനുമതി കൊടുത്തിരുന്നില്ല. ഇപ്പോള്‍ സിനിമ ചെയ്യാന്‍ പാര്‍ട്ടി അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് ഒറ്റക്കൊമ്പന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത്.

ഇമോഷന്‍ ത്രില്ലര്‍ ഡ്രാമയായി ആണ് ചിത്രം ഒരുക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്‍, ലാലു അലക്സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി ബിജു പപ്പന്‍, മേഘന രാജ്, മാര്‍ട്ടിന്‍ മുരുകന്‍, ജിബിന്‍ഗോപിനാഥ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഡിസംബര്‍ 30-ന് ചിത്രത്തിന്റെ ഭാഗമാകും. ബിഗ് ബജറ്റില്‍ ശ്രീഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തിലെ വില്ലനും നായികയുമായി ബോളിവുഡ് സിനിമയിലെ മുന്‍നിര താരങ്ങള്‍ ആണ് എത്തുന്നതെന്ന് ശ്രീഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു. താരങ്ങളുടെ പേരുകള്‍ ഉടനെ പുറത്ത് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്തെ ചിത്രീകരണത്തിനുശേഷം സുരേഷ് ഗോപി ഡല്‍ഹിക്ക് മടങ്ങും. ഒറ്റക്കൊമ്പനുശേഷം മൂന്ന് ചിത്രങ്ങള്‍കൂടി സുരേഷ് ഗോപിയുടേതായി വരാനുണ്ട്.