കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപ്പിക്കില്‍ നായകനാകാന്‍ മലയാളി താരം ഉണ്ണി മുകുന്ദന്‍. മോദിയുടെ 75ാം ജന്മദിനത്തില്‍ 'മാ വന്ദേ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ക്രാന്തി കുമാര്‍ സി.എച്ച് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ നിര്‍മാണം സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ വീര്‍ റെഡ്ഡി എം ആണ്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, ഗുജറാത്തി ഉള്‍പ്പടെ ഏഴ് ഭാഷകളില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. പാന്‍ ഇന്ത്യന്‍ റിലീസ് ആയ ചിത്രം ഇംഗ്ലീഷിലും മലയാളം ഉള്‍പ്പെടെ പ്രധാന ഇന്ത്യന്‍ ഭാഷകളിലും തിയേറ്റുകളില്‍ എത്തും. കുട്ടിക്കാലം മുതല്‍ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള മോദിയുടെ യാത്രയാണ് ചിത്രത്തില്‍ ആവിഷ്‌കരിക്കുക. അമ്മ ഹീരാബെന്‍ മോദിയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തുകാണിക്കും.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദിയായി സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം ഫേസ്ബുക്കില്‍ ഉണ്ണി മുകുന്ദന്‍ പങ്കുവച്ചു. 'അഹമ്മദാബാദിലാണ് ഞാന്‍ വളര്‍ന്നത്. കുട്ടിക്കാലത്ത് എന്റെ മുഖ്യമന്ത്രിയായിട്ടാണ് അദ്ദേഹത്തെ ആദ്യമായി അറിയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം, 2023 ഏപ്രിലില്‍, അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. അത് എന്നില്‍ മായാതെ മുദ്രണം ചെയ്ത നിമിഷമായിരുന്നു. ഒരു നടന്‍ എന്ന നിലയില്‍, ഈ വേഷം എനിക്ക് ആഴത്തില്‍ പ്രചോദനം നല്‍കുന്നതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര അസാധാരണമാണ്. എന്നാല്‍ ഈ സിനിമയില്‍, രാഷ്ട്രതന്ത്രജ്ഞന് അപ്പുറമുള്ള മനുഷ്യനെ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സ്വഭാവത്തെയും ആത്മാവിനെയും രൂപപ്പെടുത്തിയ അമ്മയുമായുള്ള അദ്ദേഹത്തിന്റെ അഗാധമായ ബന്ധത്തെ പര്യവേക്ഷണം ചെയ്യാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു,' ഉണ്ണി മുകുന്ദന്‍ കുറിച്ചു.

മോദിയെ നേരിട്ട് കണ്ട ഓര്‍മയും ഉണ്ണി കുറിപ്പില്‍ പങ്കുവച്ചു. 'ഗുജറാത്തിയില്‍ 'ജൂക്വാനു നഹി' എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അതായത് ഒരിക്കലും തലകുനിക്കരുത്. ആ വാക്കുകള്‍ അന്നുമുതല്‍ എനിക്ക് ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉറവിടമാണ്,' നടന്‍ കുറിച്ചു.

രാജ്യാന്തര നിലവാരത്തില്‍ അത്യാധുനിക വിഎഫ്എക്‌സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ചാണ് ചിത്രം ഒരുക്കുന്നതെന്ന് നിര്‍മാതാക്കളായ സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് അറിയിച്ചു. പാന്‍ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം നിര്‍മ്മിക്കും. പ്രചോദനാത്മകമായ ഈ ജീവചരിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത ഒരു സിനിമാ അനുഭവം നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയെ മികച്ച ദൃശ്യാവിഷ്‌കാരമാക്കി മാറ്റാനാണ് ശ്രമിക്കുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അണിയറയിലെ സാങ്കേതിക വിദഗ്ധരും വമ്പന്‍മാരാണ്. കെ.കെ. സെന്തില്‍ കുമാര്‍ ഐഎസ്സിയാണ് ഛായാഗ്രഹണം. സംഗീതം -രവി ബസ്രൂര്‍, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സാബു സിറിള്‍, ആക്ഷന്‍- കിംഗ് സോളമന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ഗംഗാധര്‍ എന്‍എസ്, വാണിശ്രീ ബി, ലൈന്‍ പ്രൊഡ്യൂസേഴ്‌സ്- ടിവിഎന്‍ രാജേഷ്, കോ-ഡയറക്ടര്‍- നരസിംഹ റാവു എം, മാര്‍ക്കറ്റിംഗ് - വാള്‍സ് ആന്‍ഡ് ട്രെന്‍ഡ്‌സ്, പിആര്‍ഒ- ശബരി.