- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഏകാന്തത എന്നൊരു അവസ്ഥയെ എനിക്ക് ഏറ്റവും നന്നായി മനസിലാക്കാനാകും; അവരുടെ ജീവിതത്തിനും നിസ്സഹായതയുടെ ഒരു തലമുണ്ട്; അവരോടും നമ്മള്‍ അനുഭാവമുള്ളവര്‍ ആയിരിക്കണം; ഇതൊരു ശാസ്ത്ര ലേഖനമൊന്നുമല്ലല്ലോ വ്യാഖ്യാനിച്ച് മനസ്സിലാക്കാന്‍'; 'ആരോ'യ്ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ശ്യാമപ്രസാദ്
'ആരോ'യ്ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ശ്യാമപ്രസാദ്
കൊച്ചി: ശ്യാമപ്രസാദും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തിയ ഷോര്‍ട്ട് ഫിലിം 'ആരോ' കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരിലേക്കെത്തിയത്. രഞ്ജിത് സംവിധാനം ചെയ്ത ഈ ഹ്രസ്വ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ തോതിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. മമ്മൂട്ടി കമ്പനി ആണ് ഷോര്‍ട്ട് ഫിലിം നിര്‍മിച്ചിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ശ്യാമപ്രസാദ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഓരോ കലാസൃഷ്ടിയും ഓരോരുത്തരിലും ഓരോ വികാരമാണല്ലോ ഉണ്ടാക്കുക. അതില്‍ ആരും ആരോടും തര്‍ക്കിച്ചിട്ടൊന്നും കാര്യമില്ല. പക്ഷേ ഒരു കലാസൃഷ്ടി ബൗദ്ധികമായി മനസിലാക്കുക എന്നതിനേക്കാള്‍ അത് നമ്മളോട് ആവശ്യപ്പെടുന്നത് ആസ്വദിക്കാനും അനുഭവിക്കാനുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പല ദൃശ്യശ്രാവ്യ പ്രേരണകളിലൂടെ അത് അനുഭവിക്കാനാണ് ഒരു ചിത്രം നമ്മെ പ്രേരിപ്പിക്കുന്നത്. അല്ലാതെ ഇതൊരു ശാസ്ത്ര ലേഖനമൊന്നുമല്ലല്ലോ വ്യാഖ്യാനിച്ച് മനസിലാക്കാന്‍'. - ശ്യാമപ്രസാദ് പറഞ്ഞു.
'നിരന്തരം മദ്യപിക്കുകയും ഇതുപോലെ ഏകാന്ത ജീവിതം നയിക്കുകയും ചെയ്യുന്ന ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. ജീവിതത്തില്‍ ഏകാന്തതയെ നേരിടാന്‍ അവര്‍ക്ക് വേറെ വഴികള്‍ കണ്ടെത്താനാകുന്നില്ല. അങ്ങനെ ജീവിക്കുന്നത് ശരിയാണോ തെറ്റാണോ എന്നത് വേറെ കാര്യം. ചിലപ്പോഴൊക്കെ നമുക്ക് വിവരിക്കാന്‍ കഴിയാത്ത അനുഭവങ്ങളുണ്ട് ജീവിതത്തില്‍. അവിടെ വളരെ റിയലിസ്റ്റിക്കായിട്ടും ലോജിക്കലായിട്ടുമൊക്കെ അനലൈസ് ചെയ്യാതെ ഇരിക്കുന്നതാണ് ഭേദം തോന്നുന്നു.
പക്ഷേ അങ്ങനെയുള്ളവരും നമുക്കിടയിലുണ്ട്. അവരുടെ ജീവിതത്തിനും നിസാഹയതയുടെ ഒരു തലമുണ്ട്. അവരുടെ കഥകളും പ്രസക്തമാണ്. അവരോടും നമ്മള്‍ അനുഭാവമുള്ളവരായിരിക്കണം എന്നുള്ളതാണ് ഈ കഥയുടെ സദാചാര വശത്തെക്കുറിച്ച് വേവലാതിപ്പെടുന്നവരോട് എനിക്ക് പറയാനുള്ളത്'.- ശ്യാമപ്രസാദ് കൂട്ടിച്ചേര്‍ത്തു.
ആരോ പ്രേക്ഷകരിലേക്കെത്തി രണ്ടുദിവസം പിന്നിടുമ്പോള്‍ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ടാകുമ്പോഴും 'ആരോ' ഒരു സജീവ ചര്‍ച്ചയാകുന്നുണ്ട് എന്നത് വലിയ കാര്യമാണ്. ഒരു സംവിധായകനെന്ന നിലയിലും നടനെന്ന നിലയിലും വളരെ എക്‌സൈറ്റിങ് ആയിട്ടുള്ള മൊമന്റ് ആണെന്നും ശ്യാമപ്രസാദ് പറയുന്നു.
'ഈ കഥാപാത്രം എന്നെ ഏല്‍പ്പിക്കുക എന്നത് പൂര്‍ണമായും സംവിധായകന്‍ രഞ്ജിത്തിന്റെ തീരുമാനവും വിശ്വാസവുമായിരുന്നു. ശ്യാമപ്രസാദിന് ഇത് പറ്റും എന്ന് നിര്‍മാതാവായ മമ്മൂട്ടിയുടെ സംശയത്തിന് പ്രതികരണമായി ഉറപ്പിച്ച് പറഞ്ഞത് രഞ്ജിത്താണ്. അതൊരു സംവിധായകന്റെ കാഴ്ചപ്പാടും വിശ്വാസവുമാണ്. ഒരു സംവിധായകനെന്ന നിലയില്‍ ഞാനും കുറേ അഭിനേതാക്കളെ കാണുകയും കഥാപാത്രങ്ങളാക്കുകയുമൊക്കെ ചെയ്തിട്ടുള്ളതല്ലേ അപ്പോ സംവിധായകന്റെ ആ വിഷനിലും പ്രൊസസിലും വിശ്വസിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്. പിന്നെ ഈ കഥയോട് ഒരു കൗതുകവും തോന്നി' ശ്യാമപ്രസാദ് പറയുന്നു.
എന്റെ മാനറിസങ്ങളും പെരുമാറ്റരീതിയുമൊക്കെ മാറ്റി പിടിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ബോഡി ലാഗ്വേജ് അടക്കം മാറ്റി. മികച്ചൊരു പ്രൊജക്ട്, മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷന്‍, രഞ്ജിത്തിന്റെ സംവിധാനം, മഞ്ജു വാര്യരെന്ന പ്രതിഭയുടെ സാന്നിധ്യം, ഇതൊക്കെ തന്നെയാണ് എന്നെ 'ആരോ'യില്‍ എത്തിച്ചത്. രണ്ടര ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായി. സാങ്കേതിക വിഭാഗങ്ങള്‍ കൈകാര്യം ചെയ്തത് മിടുക്കന്മാരായിരുന്നു. തികച്ചും ഒരു സന്തോഷമുള്ള അനുഭവം തന്നെയായിരുന്നു അത്.
ഈ കഥയുടെ ഒരു നിര്‍ണായകമായ സന്ദര്‍ഭമുണ്ടല്ലോ- അവിശ്വസനീയതയുടെ, മായികമായ ഒരു സന്ദര്‍ഭം, അത് തിരിച്ചറിയാന്‍, മനസ്സിലാക്കാന്‍ പോലുമാകാതെ നില്‍ക്കുന്ന ഒരാളെയാണ് അവതരിപ്പിക്കേണ്ടത്. പക്ഷേ ആ സന്ദര്‍ഭമാവുമ്പോഴേക്കും അയാളില്‍ മറ്റ് ഏതെല്ലാമോ തീവ്ര വികാരങ്ങളും ഓര്‍മകളുമൊക്കെ ഉയര്‍ന്നു വരുന്നുണ്ട്. അയാള്‍ ഒരു പ്രത്യേക വികാരവായ്‌പ്പോടെയാണ് പിന്നീട് അവള്‍ പറയുന്ന കാര്യങ്ങളെ കേള്‍ക്കുന്നത് . അപ്പോള്‍ അയാളില്‍ നിശബ്ദമായ ഒരു പരിണാമം സംഭവിക്കുന്നുണ്ട്. അത് വിശ്വസീനയമായ രീതിയില്‍ ആയി പ്രതിഫലിപ്പിക്കുക എന്നുള്ളത് വളരെ പ്രധാനമായിരുന്നു
ഈയൊരു ഭാവ പരിണാമം എന്നെ തന്നെ ബോധ്യപ്പെടുത്താനും, അനുഭാവവും പ്രേമവും കലര്‍ന്ന ഒരു മനസ്സോടെ അവതരിപ്പിക്കാനും സാത്വികമായ ഒരു അഭിനയതലം ആവശ്യമായിരുന്നു. അതായത് ഉള്ളില്‍ നിന്നും സത്യസന്ധമായി വരുന്നത്, അത് കണ്ണുകളില്‍ പ്രതിഫലിക്കണം , അതൊക്കെ കുറച്ച് ശ്രമകരം ആയിരുന്നു. ചിത്രീകരണ സമയത്ത് അവിടെ രഞ്ജിത്ത് മ്യൂസിക്ക് ഒക്കെ വളരെ വിദഗ്ധമായി ഉപയോഗിച്ചു . ഈ പരിണാമം റിയലിസ്റ്റിക്കായ ഒരു സാഹചര്യമല്ലല്ലോ. അത് പറഞ്ഞ് ഫലിപ്പിക്കുക എളുപ്പമായിരുന്നില്ല, എന്നാലും അതൊക്കെ കൃത്യമായി ചെയ്യാന്‍ സാധിച്ചു എന്നാണ് പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.
'ചിത്രത്തിന്റെ അവസാന ഭാഗത്ത് ആ സ്ത്രീയെ നോക്കി നില്‍ക്കുമ്പോള്‍ എന്റെ കണ്ണ് ഞാന്‍ അറിയാതെയാണ് നിറഞ്ഞത്, ഗ്ലിസറിന്‍ പോലും ഇല്ലാതെയാണ് അത് സംഭവിച്ചത്, അത് കൃത്യമായി മുന്‍പേ തീരുമാനിച്ചത് ആയിരുന്നില്ല, അതുകൊണ്ട് തന്നെ ആ ക്രൂവിലുള്ള എല്ലാവരും അഭ്ദുതപ്പെട്ട് പോയി. സത്യത്തില്‍ കണ്ണ് നിറയല്‍ ആയിരുന്നില്ല അത്, മനസ് നിറയല്‍ ആയിരുന്നു. അതിലേക്ക് എത്താന്‍ സാധിച്ച ആ മൊമന്റ് എന്നെ സംബന്ധിച്ചിടത്തോളം വളരെ സ്‌പെഷ്യലാണ്', ശ്യാമപ്രസാദ് പറയുന്നു.




