കൊച്ചി: തന്റെ ഐഡന്റിറ്റി ദുരുപയോഗം ചെയ്ത് നിര്‍മിച്ച എ.ഐ ചിത്രങ്ങള്‍ പ്രചരിക്കുന്നതില്‍ പ്രതികരിച്ച് നടി നിവേദ തോമസ്. ഡിജിറ്റല്‍ ആള്‍മാറാട്ടം നിയമവിരുദ്ധവും സ്വകാര്യതയുടെ ലംഘനവുമാണെന്ന് നിവേദ തോമസ് പറഞ്ഞു. അത്തരം ഉള്ളടക്കങ്ങള്‍ പങ്കിടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് താരം മുന്നറിയിപ്പ് നല്‍കി.

'എന്റെ ഐഡന്റിറ്റി ദുരുപയോഗം ചെയ്ത് എ.ഐയില്‍ നിര്‍മിച്ച ചിത്രങ്ങളും എന്റെ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ അടുത്തിടെ പങ്കിട്ട ഒരു ഫോട്ടോയും ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമ്മതമില്ലാതെ അത്തരം ഉള്ളടക്കം സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നതും അസ്വീകാര്യവും നിയമവിരുദ്ധവുമാണ്. ഇത് ഡിജിറ്റല്‍ ആള്‍മാറാട്ടവും എന്റെ സ്വകാര്യതയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റവുമാണ്' -നിവേദ സമൂഹമാധ്യമത്തില്‍ കുറിച്ചു.

നേരത്തെ, എ.ഐ ഉള്ളടക്കത്തിന്റെ അപകടങ്ങളെക്കുറിച്ച് നടി ശ്രീലീലയും പരാമര്‍ശിച്ചിരുന്നു. എഐ-യില്‍ നിന്നുള്ള അസംബന്ധങ്ങളെ പിന്തുണക്കരുതെന്ന് എല്ലാ സോഷ്യല്‍ മീഡിയ ഉപയോക്താക്കളോടും അഭ്യര്‍ഥിക്കുന്നു എന്ന് അവര്‍ പറഞ്ഞു. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനും ദുരുപയോഗം ചെയ്യുന്നതിനും ഇടയില്‍ വ്യത്യാസമുണ്ട്. സാങ്കേതികവിദ്യയിലെ പുരോഗതി ജീവിതത്തെ ലളിതമാക്കാനാണ്. സങ്കീര്‍ണമാക്കാനല്ല എന്നാണ് തന്റെ അഭിപ്രായമെന്നും നടി കൂട്ടിച്ചേര്‍ത്തു.