കൊച്ചി: അഖില്‍ സത്യന്‍ സംവിധാനം ചെയ്ത 'സര്‍വ്വം മായ' എന്ന ചിത്രത്തിലൂടെ 'ഡെലൂലു' എന്ന കഥാപാത്രമായി ശ്രദ്ധേയയായതോടെ സിനിമാ പ്രേമികളുടെ മനം കവരുകയാണ് നടി റിയ ഷിബു. റിയയെ പ്രശംസിച്ചുകൊണ്ട് അനുജത്തിക്കായി നടന്‍ ഹൃദു പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. റിയയുടെ കുട്ടിക്കാലത്തെ ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഹൃദു തന്റെ സ്‌നേഹം പങ്കുവച്ചത്.

''എന്റെ ഡെലൂലൂ (മായ), നിന്റെ സഹോദരനായതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു, നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു, ഒപ്പം ദൈവത്തോട് കടപ്പാടുള്ളവനുമാണ്' എന്നായിരുന്നു ഹൃദുവിന്റെ വാക്കുകള്‍. 'സര്‍വ്വം മായ'യിലെ റിയയുടെ കഥാപാത്രത്തിന്റെ പേരായ 'ഡെലൂലു' എന്നതിനൊപ്പം 'മായ' എന്ന് കൂടി ചേര്‍ത്താണ് താരം തന്റെ പ്രിയപ്പെട്ട അനുജത്തിയെ വിശേഷിപ്പിച്ചത്. എന്റെ ഡെലുലുവിന് നന്ദി എന്നാണ് ഹൃദവിന്റെ കുറിപ്പിന് റിയ മറുപടി നല്‍കിയത്.


ജെന്‍-സി തലമുറയുടെ പ്രിയപ്പെട്ട വാക്കായ 'ഡെല്യൂഷണല്‍' എന്നതിന്റെ ചുരുക്കപ്പേരാണ് ഡെലൂലു. ചിത്രത്തില്‍ റിയ അവതരിപ്പിച്ച ക്യൂട്ട് പ്രേതത്തിന്റെ സ്വഭാവത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഈ പേര് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. 19-ാം വയസ്സില്‍ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെച്ച റിയ, അഭിനയത്തിലും തന്റെ പ്രതിഭ തെളിയിച്ചിരിക്കുകയാണ്. പ്രശസ്ത നിര്‍മ്മാതാവ് ഷിബു തമീന്‍സിന്റെ മകളായ റിയ, വലിയ സിനിമകളുടെ പിന്നണിയില്‍ നിന്ന് ക്യാമറയ്ക്ക് മുന്നിലേക്കെത്തുമ്പോള്‍ വലിയ സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ നടനാണ് റിയയുടെ സഹോദരന്‍ ഹൃദു ഹാറൂണ്‍. പായല്‍ കപാഡിയയുടെ ചിത്രത്തിലെ ഹൃദുവിന്റെ പ്രകടനം അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രശംസ നേടിയിരുന്നു. 'തഗ്സ്', 'മുംബൈക്കാര്‍', 'മുറ' തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ സാന്നിധ്യമറിയിച്ച താരം, തന്റെ സഹോദരിയുടെ സിനിമാപ്രവേശനത്തെ ഹൃദയപൂര്‍വ്വമാണ് വരവേല്‍ക്കുന്നത്.


പിതാവ് ഷിബു തമീന്‍സ് വെട്ടിത്തുറന്ന സിനിമാപാതയിലൂടെ സഞ്ചരിക്കുമ്പോഴും, അഭിനയത്തിലും നിര്‍മ്മാണത്തിലും തങ്ങളുടേതായ മൗലികമായ ശൈലി കൊണ്ടുവരാന്‍ ഈ സഹോദരങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അച്ഛന്റെ പാരമ്പര്യവും സ്വന്തം കഠിനാധ്വാനവും ഒത്തിണങ്ങുമ്പോള്‍ മലയാള സിനിമയുടെ ഭാവിവാഗ്ദാനങ്ങളായി മാറുകയാണ് ഈ പുതുതലമുറ താരങ്ങള്‍.