കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ ജനശ്രദ്ധ നേടിയ ലെസ്ബിയൻ ജോഡികളായിരുന്നു ആദിലയും നൂറയും. ഇരുവരും ഒന്നിക്കാൻ നേരിട്ട കഠിനമായ വെല്ലുവിളികളെക്കുറിച്ച് നൂറയുടെ വെളിപ്പെടുത്തൽ ഇപ്പോൾ ശ്രദ്ധനേടുകയാണ്. താൻ സ്നേഹിക്കുന്ന പങ്കാളി ആദിലയില്ലാതെ മൂന്ന് വർഷത്തോളം അനുഭവിച്ച കടുത്ത മാനസിക വ്യഥയെക്കുറിച്ചും നിരന്തരമായ വിവാഹാലോചനകൾ വരുത്തിവെച്ച വീർപ്പുമുട്ടലിനെക്കുറിച്ചും ഒരു പുതിയ വീഡിയോയിലൂടെയാണ് നൂറ തുറന്നുപറഞ്ഞത്. ഈ കാലയളവിൽ തന്റെ ഞരമ്പുകൾ വേദനിക്കുന്നതുവരെ ദിവസവും കരഞ്ഞുവെന്നും നൂറ വ്യക്തമാക്കി.

"എന്നെ സ്നേഹിക്കുന്ന ആൾ എന്റെ ഒപ്പം ഇല്ലാത്തതിന്റെ വേദന ഞാൻ ഒരുപാട് അനുഭവിച്ചു," നൂറ പറഞ്ഞു. താൻ അനുഭവിച്ച ദുരിതങ്ങൾ ആദിലയേക്കാൾ കൂടുതലായിരുന്നെന്നും ആരും തന്നെ കേൾക്കാൻ ഉണ്ടായിരുന്നില്ലെന്നും നൂറ പറയുന്നു. "ആരും എന്നെ കേൾക്കാൻ ഉണ്ടായിരുന്നില്ല. ആദിലയും അനുഭവിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് അത് കൂടുതലായിരുന്നു. കാരണം എനിക്ക് ആ സമയം ഒരുപാട് വിവാഹാലോചനകൾ വന്നിരുന്നു. വല്ലാത്ത വീർപ്പുമുട്ടലായിരുന്നു." തനിക്ക് സത്യവസ്ഥ ആരോടും പറയാൻ കഴിഞ്ഞില്ലെന്നും സുഹൃത്തുക്കളോ അടുപ്പമുള്ളവരോ ഇല്ലാതിരുന്നത് സ്ഥിതി കൂടുതൽ വഷളാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.

ആ വൃത്തികെട്ട സാഹചര്യം മൂന്ന് വർഷത്തോളം നീണ്ടുനിന്നു. ഒരുമിച്ച് ജീവിക്കണം എന്ന ഒരൊറ്റ പ്രതീക്ഷ മാത്രമായിരുന്നു തങ്ങൾക്കുണ്ടായിരുന്നത്. മാധ്യമങ്ങളിൽ വരികയോ യൂട്യൂബ് ചാനൽ തുടങ്ങുകയോ ആയിരുന്നില്ല ലക്ഷ്യം. ചെന്നൈയിൽ പോയി സെയിൽസ് ഗേളായി ജോലി ചെയ്യാനും ഹോസ്റ്റലിൽ താമസിക്കാനുമായിരുന്നു അന്ന് പദ്ധതിയിട്ടിരുന്നത്.

വീട്ടിലെ തന്റെ മുറി കരയാൻ വേണ്ടി മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും നൂറ ഓർമ്മിച്ചു. "കരഞ്ഞ് കരഞ്ഞ് എന്റെ ഞരമ്പുകളൊക്കെ വേദനിക്കാൻ തുടങ്ങി. ഈ മൂന്ന് വർഷത്തിൽ ഞാൻ കരയാത്തൊരു ദിവസമില്ല," നൂറ വെളിപ്പെടുത്തി. ഇത്രയേറെ അനുഭവിക്കുമ്പോഴും, വീട്ടിൽ നിന്ന് പുറത്തുകടന്ന് പങ്കാളിയോടൊപ്പം ജീവിക്കുമെന്ന പ്രതീക്ഷയിൽ അവർ ഉറച്ചുനിന്നു.

"എത്ര വില കൊടുക്കേണ്ടി വന്നാലും ലോകം അവസാനിക്കുകയാണെങ്കിലും ആരെന്നെ കൊല്ലാൻ വന്നാലും അതിൽ മാറ്റമുണ്ടാവില്ല എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ഞാൻ എനിക്ക് ഇഷ്ടമുള്ള ആളുടെ കൂടെയേ ജീവിക്കുന്ന എന്ന ചിന്ത മാത്രമായിരുന്നു എന്റെ മനസ്സിൽ," നൂറ തൻ്റെ ദൃഢനിശ്ചയം പങ്കുവെച്ചു. എത്ര പ്രതിസന്ധികളുണ്ടായാലും മനസ്സിൽ പ്രതീക്ഷയും ഉള്ളിൽ ശക്തിയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് നൂറ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.