ജർമ്മനി: ജർമ്മനിയിലെ ബവേറിയയിൽ നിന്നുള്ള പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. പതിവ് പോലെ യാത്രകൾക്ക് പ്രാധാന്യം നൽകുന്ന താരപുത്രന്റെ പുതിയ ചിത്രങ്ങളും ജീവിതരീതിയും ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഗിറ്റാർ വായിക്കുന്ന ഒരു കൂൾ ലുക്കിലുള്ള ചിത്രമാണ് പ്രണവ് ആദ്യം പങ്കുവെച്ചത്. ചിത്രത്തിന് അടിക്കുറിപ്പുകളൊന്നും നൽകിയിരുന്നില്ലെങ്കിലും, ഇത് ആരാധകരുടെ ആകാംഷ വർദ്ധിപ്പിച്ചു.

പിന്നീട്, ജർമ്മനിയിലെ ബവേറിയയിലാണുള്ളതെന്നും പ്രണവ് വെളിപ്പെടുത്തി. ഈ പ്രദേശത്തെ പ്രശസ്തമായ ന്യൂഷ്വാൻസ്റ്റൈൻ കാസിലിന്റെ ചിത്രവും താരം പങ്കിട്ടു. സിനിമയെക്കാൾ ഏറെ യാത്രകളെ പ്രണയിക്കുന്ന പ്രണവിന്റെ ജീവിതശൈലിയെക്കുറിച്ച് ആരാധകർക്കിടയിൽ മുൻപും വലിയ ചർച്ചകൾ നടന്നിട്ടുണ്ട്. പുതിയ പോസ്റ്റിന് താഴെ നിരവധി ചോദ്യങ്ങളും അഭിപ്രായങ്ങളുമെത്തി.

"ഏത് ലോകത്താ? ഡാഡി താടി എടുത്തത് അറിഞ്ഞോ?" എന്ന രസകരമായ ചോദ്യം മുതൽ, "ഈ മുതലിനെ വെച്ച് ഒരു ആക്ഷൻ പടം ചെയ്യാൻ ഇവിടെ ഒരു സംവിധായകനും ഇല്ലേ," എന്നും "വർഷത്തിൽ ഒരു 2 പടം എങ്കിലും ചെയ്യ് പ്ലീസ്" എന്നും ആവശ്യപ്പെടുന്ന കമന്റുകളും ശ്രദ്ധേയമാണ്. ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിക്കുന്ന പല ദൃശ്യങ്ങളും പ്രണവ് നേരിട്ട് യാത്ര ചെയ്ത് പകർത്തുന്ന രീതിയെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളും നിരവധിയുണ്ട്.

ബാലതാരമായി 'ഒന്നാമൻ' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ പ്രണവ്, മലയാള സിനിമയിലെ യുവനടനാണ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ 'ഡിയേസ് ഈറേ' ആണ് പ്രണവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.