- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇൻസ്റ്റഗ്രാം റീലുകളിൽ മുഴുവൻ നിവിൻ പോളി, അത് കാണുമ്പോൾ സന്തോഷം'; ഇത്രയും അടിപൊളി സെറ്റിൽ മുൻപ് വർക്ക് ചെയ്തിട്ടില്ല; 'സർവ്വം മായ'യിലെ അനുഭവം പങ്കുവെച്ച് പ്രീതി മുകുന്ദൻ

കൊച്ചി: നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം 'സർവ്വം മായ'യുടെ വിജയത്തിന് പിന്നാലെ, ചിത്രത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് നടി പ്രീതി മുകുന്ദൻ. സിനിമയിലെ പ്രധാന കഥാപാത്രമായ സാദിയയെ അവതരിപ്പിച്ച പ്രീതി, നടൻ നിവിൻ പോളിയേയും സംവിധായകൻ അഖിൽ സത്യനേയും ടീം അംഗങ്ങളെയും പ്രശംസിച്ചു. കഴിഞ്ഞ വർഷം ക്രിസ്മസ് റിലീസായെത്തി ആഗോളതലത്തിൽ 130 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമാണ് 'സർവ്വം മായ'.
'സർവ്വം മായ' ഒരുപാട് ആസ്വദിച്ച് ചെയ്ത സിനിമയാണെന്നും, മലയാളം തനിക്ക് ബുദ്ധിമുട്ടുള്ള ഭാഷയാണെന്നും പ്രീതി മുകുന്ദൻ പറഞ്ഞു. സംവിധായകൻ അഖിൽ സത്യന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അവരുടെ പ്രതികരണം. "അഖിൽ നൽകാൻ പോകുന്ന ഏത് കഥാപാത്രമാണെങ്കിലും എന്ത് കഥയാണെങ്കിലും ഞാൻ ഏറ്റെടുക്കാൻ തയ്യാറായിരുന്നു. അത്ര മനോഹരമായ ടീമായിരുന്നു 'സർവ്വം മായ'യുടേത്. ഇങ്ങനെയൊരു ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്," പ്രീതി വ്യക്തമാക്കി. ഇതിന് മുമ്പ് താൻ ഒരു ടീമിനൊപ്പവും ഇത്രയും സന്തോഷത്തോടെ സെറ്റിൽ ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുമ്പോൾ വാക്കുകളില്ലെന്ന് പറഞ്ഞ പ്രീതി, കഴിഞ്ഞ പത്ത് ദിവസമായി തന്റെ ഇൻസ്റ്റഗ്രാം റീലുകൾ മുഴുവൻ നിവിൻ പോളിയാണെന്നും, അത് കാണുമ്പോൾ തനിക്ക് സന്തോഷം തോന്നാറുണ്ടെന്നും വെളിപ്പെടുത്തി. നിവിൻ പോളിയുടെയും അഖിൽ സത്യന്റെയും സിനിമയിൽ അഭിനയിക്കുന്നത് കൊണ്ട് ഡയലോഗുകൾ കൃത്യമായി ഡെലിവർ ചെയ്യണം എന്ന ചിന്തയിൽ താൻ കുറച്ച് പരിഭ്രമത്തോടെയാണ് ഡയലോഗുകൾ പറഞ്ഞതെന്നും അവർ ഓർത്തു.
അഖിൽ സത്യന്റെ കണ്ണിലൂടെ ലോകം എങ്ങനെയാണ് കാണുന്നത് അതാണ് 'സർവ്വം മായ' എന്നും, ചെറിയ പോരായ്മകളെ പോലും മനോഹരമായി കാണുന്ന വ്യക്തിയാണ് അഖിൽ എന്നും പ്രീതി കൂട്ടിച്ചേർത്തു. 'പാച്ചുവും അത്ഭുതവിളക്കും' എന്ന സിനിമക്ക് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവ്വം മായ', നിവിൻ പോളിയുടെ ഒരു ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.


