2002ലെ ഗോധ്ര സംഭവവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ദ സബര്‍മതി റിപ്പോര്‍ട്ടിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാര്‍ക്ക് കാണാനാകുന്ന വിധത്തില്‍ സത്യങ്ങള്‍ പുറത്തുവരുന്നത് നല്ലതാണ് എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ചിത്രത്തിന്റെ നിര്‍മാതാവ് ഏക്ത കപൂര്‍ രംഗത്തെത്തി.

ചിത്രത്തെക്കുറിച്ചുള്ള അലോക് ഭട്ട് എന്ന അക്കൗണ്ടില്‍ നിന്നു വന്ന പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു മോദിയുടെ കുറിപ്പ്. സാധാരണക്കാര്‍ക്ക് കാണാനാകുന്ന വിധത്തില്‍ ഈ സത്യം പുറത്തുവരുന്നത് നല്ലതാണ്. വ്യാജ ആഖ്യാനങ്ങള്‍ക്ക് പരിമിത കാലത്തേക്ക് മാത്രമേ നിലനില്‍പ്പുണ്ടാകൂ. ഒടുവില്‍, വസ്തുതകള്‍ പുറത്തുവരും.- മോദി കുറിച്ചു.



ധീരജ് സര്‍ണ സംവിധാനം ചെയ്ത ചിത്രത്തില്‍ വിക്രാന്ത് മാസിയാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ വിക്രാന്ത് മാസിക്കു നേരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. തനിക്ക് നേരെ വധഭീഷണി ഉണ്ടെന്നാണ് താരം പറഞ്ഞത്. ചിത്രത്തില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് വിക്രാന്ത് എത്തുന്നത്. റാഷി ഖന്ന, റിദ്ദി ധോഗ്ര എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏക്ത കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.