മുംബൈ: കോണ്‍ഗ്രസ് കേരള ഘടകത്തിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടി പ്രീതി സിന്റ. ബിജെപി സര്‍ക്കാര്‍ ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിലെ താരത്തിന്റെ 18 കോടി രൂപയുടെ വായ്പ എഴുതിത്തള്ളാന്‍ സഹായിച്ചെന്ന കോണ്‍ഗ്രസ് ആരോപണത്തി പിന്നാലെയാണ് കടുത്ത ഭാഷയില്‍ നടി ഇതിനെതിരെ മറുപടി നല്‍കിയത്. എക്സ് പോസ്റ്റിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ നാണമില്ലേ എന്നും താരം ചോദിച്ചിരുന്നു.

'ഇല്ല, ഞാന്‍ എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്വയം കൈകാര്യം ചെയ്യാറാണ്, വ്യാജ വാര്‍ത്തകള്‍ പ്രമോട്ട് ചെയ്തതിന് എനിക്ക് നിങ്ങളോട് ലജ്ജ തോന്നുന്നു! എനിക്കായി ആരും വായ്പ എഴുതിത്തള്ളിയിട്ടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയോ അല്ലെങ്കില്‍ അവരുടെ പ്രതിനിധിയോ എന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും നികൃഷ്ടമായ ഗോസിപ്പുകളിലും ക്ലിക്ക് ബെയ്റ്റുകളിലും ഏര്‍പ്പെടുകയും ചെയ്യുന്നത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി' പ്രീതി സിന്റ എക്സില്‍ കുറിച്ചു.

താന്‍ ഒരു ലോണ്‍ എടുത്തിരുന്നുവെന്നും അത് തിരിച്ചടച്ചതായും താരം വ്യക്തമാക്കി. 'ഒരു ലോണ്‍ എടുത്ത് അത് പൂര്‍ണമായി തിരിച്ചടച്ചു, അതും 10 വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഇത് വ്യക്തമാക്കുകയും ഭാവിയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് പ്രീതി സിന്റ പ്രതികരിച്ചത്.

കൂടാതെ മാധ്യമപ്രവര്‍ത്തകയും മണിലൈഫിന്റെ സ്ഥാപകരിലൊരാളുമായ സുചേത ദലാലിനെയും പ്രീതി സിന്റ വിമര്‍ശിച്ചിരുന്നു. വായ്പ എഴുതിത്തള്ളല്‍ സംബന്ധിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തവരില്‍ ഒരാളായിരുന്നു ദലാല്‍. സ്വയം വലിയ ആളാവാന്‍ ശ്രമിക്കുകയാണ് സുചേത ദലാല്‍ എന്നായിരുന്നു പ്രീതി സിന്റയുടെ ആരോപണം.

അതിനിടെ നടിയുടെ പ്രസ്താവനയുടെ ലിങ്ക് സഹിതം 'അത് വ്യാജമാണെന്ന് പ്രീതി സിന്റ തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്ന് വ്യക്തമാക്കി' എന്ന കമ്മ്യൂണിറ്റി കുറിപ്പും കേരള കോണ്‍ഗ്രസിസിന്റെ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. പ്രീതിയുടെ മറുപടിക്ക് പിന്നാലെ വിശദീകരണത്തിന് നന്ദി അറിയിച്ച കോണ്‍ഗ്രസ്, 'ഞങ്ങള്‍ക്ക് എന്തെങ്കിലും തെറ്റ് സംഭവിച്ചെങ്കില്‍ അത് അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നും വ്യക്തമാക്കി.

ഇന്നലെയാണ് ഇത് സംബന്ധിച്ച വിവാദ പോസ്റ്റ് കോണ്‍ഗ്രസിന്റെ കേരള ഘടകം ഔദ്യോഗിക പേജിലൂടെ ഷെയര്‍ ചെയ്തത്. പ്രീതി സിന്റെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബിജെപിക്ക് നല്‍കുകയും പകരമായി ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് 18 കോടിയുടെ ലോണ്‍ എഴുതിത്തള്ളിയെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

നിക്ഷേപകര്‍ അവരുടെ പണത്തിനായി തെരുവില്‍ അലയുകയാണെന്നും പോസ്റ്റില്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്കിന് മേല്‍ റിസര്‍വ് ബാങ്ക് അടുത്തിടെ ഏര്‍പ്പെടുത്തിയ പിന്‍വലിക്കല്‍ നിയന്ത്രണങ്ങളെ പരാമര്‍ശിച്ച് കൊണ്ടായിരുന്നു കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ ആക്ഷേപം.