കൊച്ചി: സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് മുന്നോടിയായി പുറത്തിറങ്ങിയ പുതിയ പ്രൊമോഷണൽ വീഡിയോ. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ പൃഥ്വിരാജ് സുകുമാരനും കുഞ്ചാക്കോ ബോബനും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയുടെ പ്രധാന ആകർഷണം. 'പാൻ ഇന്ത്യൻ' താരങ്ങളെ പരാമർശിച്ച് പൃഥ്വിരാജിനെ കളിയാക്കുന്ന കുഞ്ചാക്കോ ബോബന്റെ രംഗങ്ങളാണ് വീഡിയോയിൽ നിറയുന്നത്.

മുംബൈയിൽ കരൺ ജോഹറിന്റെ വീട് എവിടെയാണെന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന്, പ്രശസ്ത തമിഴ് സംവിധായകൻ ലോകേഷ് കനകരാജിന്റെ ഫോൺ നമ്പർ ചോദിക്കുന്ന കുഞ്ചാക്കോ ബോബൻ, അത് കിട്ടിയില്ലെങ്കിൽ നടൻ പ്രഭാസിന്റെ ഇമെയിൽ ഐഡി തന്നാൽ മതിയെന്ന് ആവശ്യപ്പെടുന്നു. ഇതിന് മറുപടിയായി, 'യൂത്ത് ഐക്കൺ' ആയ കുഞ്ചാക്കോ ബോബനെ തന്നെ ഊതിയതാണല്ലേ എന്നായിരുന്നു പൃഥ്വിരാജിന്റെ ചോദ്യം. നടൻ ബേസിൽ ജോസഫിനൊപ്പം പൃഥ്വിരാജ് പങ്കെടുത്ത ആദ്യ പ്രൊമോ വീഡിയോക്ക് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നാലെയാണ് ഈ പുതിയ വീഡിയോയെത്തിയത്.

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിലെ മൂന്നാം റൗണ്ട് മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ആദ്യ മത്സരത്തിൽ വെള്ളിയാഴ്ച, തിരുവനന്തപുരം കൊമ്പൻസ് എഫ്.സി. തൃശൂർ മാജിക് എഫ്.സിയെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വെച്ച് രാത്രി 7.30ന് നേരിടും. ഒക്ടോബർ 19ന് നടക്കുന്ന അടുത്ത മത്സരത്തിൽ മലപ്പുറം എഫ്.സിയും കാലിക്കറ്റ് എഫ്.സിയും ഏറ്റുമുട്ടും. മൂന്നാം മത്സരത്തിൽ ഫോഴ്സ കൊച്ചി കണ്ണൂർ വാരിയേഴ്സിനെ നേരിടും.

നിലവിൽ കളിക്കുന്ന ആറ് ടീമുകളുടെ ഉടമകളിൽ മലയാള സിനിമയിലെ പ്രമുഖരായ പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയവരും ഉൾപ്പെടുന്നു. നടൻ പൃഥ്വിരാജ് സുകുമാരൻ ഫോഴ്സ കൊച്ചി ടീമിന്റെ ഉടമയാണ്. സൂപ്പർ ലീഗ് കേരളയുടെ മറ്റൊരു പ്രധാന ടീമായ കാലിക്കറ്റ് എഫ്.സിയുടെ ബ്രാൻഡ് അംബാസഡർ നടൻ ബേസിൽ ജോസഫാണ്. തൃശൂർ മാജിക് എഫ്.സിയുടെ പ്രതിനിധിയായി കുഞ്ചാക്കോ ബോബനും, കണ്ണൂർ വാരിയേഴ്സിനായി ആസിഫ് അലിയും രംഗത്തുണ്ട്.

കഴിഞ്ഞ സീസണിൽ കാലിക്കറ്റ് എഫ്.സി ആയിരുന്നു ചാമ്പ്യൻമാർ. പുതിയ സീസണിന് മുന്നോടിയായുള്ള ഈ പ്രൊമോഷണൽ വീഡിയോകൾ ആരാധകരിൽ വലിയ ആകാംഷ ഉളവാക്കിയിട്ടുണ്ട്. ഒക്ടോബർ 17 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.