മലയാളികളുടെ പ്രിയ നടിയാണ് രജിഷ വിജയന്‍. നടിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താരത്തിന്റെ ഉഗ്രമായ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരിക്കുകയാണ് രജിഷയുടെ ഫിറ്റ്‌നസ് ജേര്‍ണിയെ കുറിച്ചുള്ള പോസ്റ്റുകള്‍. നടി നേരത്തെ അവതരിപ്പിച്ച ഹൃദയസ്പര്‍ശിയായ വേഷങ്ങള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നുവെങ്കിലും, ഈ പുതിയ അവതാരത്തില്‍ താരം ഫിറ്റ്‌നസ് ലക്ഷ്യങ്ങള്‍ നേടിയെടുത്തൊരു പ്രചോദനം തന്നെയാണ്. അതിശയിപ്പിക്കുന്ന ഫിസിക്കല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പുറത്തുവന്നത്, റജിഷയുടെ ട്രെയിനറും 'ആലപ്പുഴ ജിംഖാന' സിനിമയില്‍ താരങ്ങളുടെ കോച്ചുമായ അലി ഷിഫാസ് പങ്കുവച്ച പോസ്റ്റിലൂടെയാണ്.

ആറുമാസംകൊണ്ട് 15 കിലോയാണ് രജിഷ വിജയന്‍ കുറച്ചതെന്ന് പരിശീലകനായ അലി ഷിഫാസ് പറയുന്നു. രജിഷയുടെ അര്‍പ്പണബോധത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായും അലി വ്യക്തമാക്കി. സംവിധായകന്‍ ഖാലിദ് റഹ്‌മാന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞവര്‍ഷമാണ് രജിഷ അലി ഷിഫാസിനെ സമീപിച്ചത്. തന്റെയടുക്കലെത്തുമ്പോള്‍ രജിഷയ്ക്ക് കാലിന്റെ ലിഗമെന്റില്‍ രണ്ട് പരിക്കുകളുണ്ടായിരുന്നുവെന്നും അലി ഷിഫാസ് പറയുന്നു.

വരാനിരിക്കുന്ന സിനിമയ്ക്കുവേണ്ടി ഈ യാത്രയിലൂടെ കടന്നുപോകാന്‍ രജീഷ ദൃഢനിശ്ചയമെടുത്തിരുന്നുവെന്നും അലി ഷിഫാസ് പറഞ്ഞു. 6 മാസത്തിനുള്ളില്‍, രജീഷ ആകെ 15 കിലോ കുറച്ചു. ക്രാഷ് ഡയറ്റുകളും മറ്റും നടത്തിയിരുന്ന മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ ശരിയായ സമീകൃതാഹാരത്തിലൂടെയും പേശികളുടെ നഷ്ടമില്ലാതെയും കൊഴുപ്പ് കുറയ്ക്കുന്നതിലൂടെയും ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. ഇക്കാലയളവില്‍ നിരവധി പരിക്കുകള്‍ പറ്റിയെങ്കിലും അവര്‍ ഒരിക്കലും തളര്‍ന്നില്ലെന്നും അലി ഷിഫാസ് കൂട്ടിച്ചേര്‍ത്തു. അതേസമയം അലി ഷിഫാസിന്റെ പോസ്റ്റിന് മറുപടിയായി രജിഷ വിജയനും രംഗത്തെത്തി. നിങ്ങളില്ലായിരുന്നെങ്കില്‍ ഇതൊരിക്കലും സാധ്യമാവില്ലെന്നാണ് രജിഷ പറഞ്ഞത്.