പാലക്കാട്: രമേഷ് പിഷാരടി വിളിച്ചാല്‍ അദ്ദേഹത്തിനൊപ്പം പ്രചാരണത്തിനിറങ്ങുമെന്ന് കഴിഞ്ഞ ദിവസം നടന്‍ ആസിഫ് അലി പറഞ്ഞിരുന്നു. നമ്മള്‍ ആരെയെങ്കിലുമൊക്കെ പറ്റി നല്ലത് പറഞ്ഞാല്‍ വലിയ ആക്രമണങ്ങള്‍ ഉണ്ടാകുന്ന കാലത്തും ധീരമായിട്ടൊരു നിലപാട് പറഞ്ഞതിലൂടെ ആസിഫ് അലിയോടുള്ള സ്‌നേഹം തനിക്ക് കൂടുകയാണെന്ന് പറയുകയാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി.

ആസിഫ് ഒക്കെ സമൂഹത്തോട് പ്രതിബദ്ധത കാണിക്കുന്ന ഒരു നടനാണെന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയെ കൊണ്ടുവരുമോ എന്ന കാര്യത്തെക്കുറിച്ചും പിഷാരടി സംസാരിച്ചു. ഈ മണ്ഡലത്തിലെ ഒരാള്‍ ഒരു കാര്യം കൊണ്ടുവരാന്‍ പറ്റുമോ എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ എന്തിനാ ഇല്ലെന്ന് പറയുന്നേ. എന്നെക്കൊണ്ട് പറ്റുന്ന കാര്യം ഞാന്‍ ശ്രമിക്കണ്ടേയെന്നും പിഷാരടി ചോദിച്ചു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു രമേഷ് പിഷാരടി.

'പ്രചാരണം അതിഗംഭീരമായിട്ട് പോകുന്നു. എല്ലായിടങ്ങളിലും വലിയ സ്വീകരണമാണ് കിട്ടികൊണ്ടിരിക്കുന്നത്. എല്ലാവരും വലിയ ആവേശത്തോടെയും സ്‌നേഹത്തോടെയുമൊക്കെ നമ്മളോട് പെരുമാറുന്നു. അത് വലിയ പോസിറ്റീവ് ആയിട്ടുള്ള കാര്യമാണ്. ഒരുപാട് ഈദ് ഗാഹുകളില്‍ പങ്കെടുത്തു. വീടുകള്‍ സന്ദര്‍ശിച്ചു. ഒരുപാട് ആളുകളെ അല്ലാതെ കണ്ടു. ഒരുപാട് ബിരിയാണി കഴിച്ചു. നമ്മളെ പറ്റി പറയാന്‍ വേറെ കുറ്റങ്ങളൊന്നുമില്ലാതിരിക്കുമ്പോള്‍, കിട്ടുന്നത് ഉണ്ടാക്കിയെടുക്കുകയാണ്. മമ്മൂക്കയെ പ്രചരണത്തിന് കൊണ്ടുവരുമോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു ഞാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല.

അപ്പോള്‍ അതുകഴിഞ്ഞോ എന്ന് എന്നോട് ചോദിച്ചു. അതുകഴിഞ്ഞാല്‍ കൊണ്ടുവരാന്‍ ശ്രമിക്കാം. അപ്പോള്‍ ഈ മണ്ഡലത്തിലെ ഒരാള്‍ ഒരു കാര്യം കൊണ്ടുവരാന്‍ പറ്റുമോ എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ എന്തിനാ ഇല്ലെന്ന് പറയുന്നേ. എന്നെക്കൊണ്ട് പറ്റുന്ന കാര്യം ഞാന്‍ ശ്രമിക്കണ്ടേ. അങ്ങനെയാണ് കൊണ്ടുവരാം എന്ന് പറയുന്നത്.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ നമ്മളെ ആക്രമിക്കാന്‍ വേണ്ടി മറ്റവര്‍ അങ്ങനെ ചെയ്തു എന്നേയുള്ളൂ. പക്ഷേ ആളുകള്‍ എന്നോട് ചോദിക്കുന്നുണ്ട്, മമ്മൂട്ടിയെ കൊണ്ടുവരുമോ എന്ന്- രമേഷ് പിഷാരടി പറഞ്ഞു. ആസിഫ് ചെയ്ത ഒരു കാര്യത്തിന്റെ മഹത്വം നോക്കൂ. ഞാന്‍ വിളിച്ച് ആസിഫ് അലിയെ കൊണ്ടുവരുന്നതിനേക്കാള്‍ എത്രയോ വലുതാണ് വിളിച്ചിട്ടില്ല, വിളിച്ചാല്‍ വരാം എന്ന് പറയുന്നത്. അതിനപ്പുറം എനിക്ക് ഇനി എന്താണ് വേണ്ടത്.

ആസിഫ് ഒക്കെ സമൂഹത്തോട് പ്രതിബദ്ധത കാണിക്കുന്ന ഒരു നടനാണ്. ഈ പെരുന്നാളിനിടയില്‍ വേണമെങ്കില്‍, വിളിച്ചില്ല, അറിഞ്ഞില്ല എന്നൊക്കെ വളരെ അഴകൊഴപ്പന്‍ മറുപടികള്‍ പറയാമായിരുന്നു. അത്രയും നല്ലൊരു സ്റ്റേറ്റ്‌മെന്റാണത്. നമ്മള്‍ ആരെയെങ്കിലുമൊക്കെ പറ്റി നല്ലത് പറഞ്ഞാല്‍ വലിയ ആക്രമണങ്ങള്‍ ഉണ്ടാകുന്ന കാലത്തും ധീരമായിട്ടൊരു നിലപാട്. നിലപാട് പറയുക എന്ന് പറയും അതിനെ. അത് പറഞ്ഞതിലൂടെ ആസിഫ് അലിയോടുള്ള സ്‌നേഹം എനിക്ക് കൂടുകയാണ്'.- രമേഷ് പിഷാരടി പറഞ്ഞു.