വിവാദ പരമാര്‍ശങ്ങളില്‍ എപ്പോഴും വൈറലാകുന്ന താരമാണ് രജിത് കുമാര്‍. പണ്ട് മുതലെ വിവാദ പ്രസ്താവനയിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ടെങ്കിലും ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് രജിത് കുമാര്‍ ശ്രദ്ധേയനാകുന്നത്. സ്ത്രീ വിരുദ്ധതയും അശാസ്ത്രീയതയും ട്രാന്‍സ്ഫോബിക്ക് പ്രസ്താവനകളും നടത്തിയതിന്റെ പേരില്‍ നിയമനടപടികളും ഇദ്ദേഹം നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന വീണ്ടും വൈറലാകുകയാണ്. ഷോട്ട്‌സ് ധരിക്കുന്ന പെണ്‍കുട്ടികള്‍ ലെസ്ബിയനാകും എന്നാണ് രജിത് കുമാര്‍ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വിവാദ പരാമര്‍ശം രജിത് നടത്തിയിരിക്കുന്നത്.

രജിത് കുമാറിന്റെ വാക്കുകളിലേക്ക്..

'മാതാപിതാക്കള്‍ക്ക് മക്കളെ സൃഷ്ടിക്കാന്‍ മാത്രമേ സാധിക്കൂകയുള്ളൂ. മക്കള്‍ വാഴത്തോട്ടത്തിലെ ആള്‍ക്കാരായിട്ട് മാറും, തോന്നിവാസികളായി മാറും. മാതാപിതാക്കളെ ഗുരുവായൂര്‍ അമ്പലനടയില്‍ തള്ളിയിടുന്ന മക്കളായും മാറും. ഇത് നമ്മുടെ കൂടെയുള്ളവര്‍ തന്നെയാണ്. എന്നാല്‍ മാതാപിതാക്കള്‍ക്ക് വേണ്ടി ജീവിക്കുന്ന മക്കളും ഇവിടെയുണ്ട്. അതൊക്കെ കുടുംബത്തില്‍ ലഭിക്കണം. ഈ ബിഗ് ബോസ് സീസണില്‍ ചില രക്ഷിതാക്കള്‍ കയറിവന്നപ്പോള്‍ ഒരു മകളെക്കുറിച്ച് പറഞ്ഞത് എന്താണ്, അവള്‍ക്ക് ചെറുപ്പത്തിലെ ഞങ്ങള്‍ നിക്കറിട്ട് ( ഷോട്ട്‌സ്) ശീലിപ്പിച്ചാണ് വളര്‍ത്തിയത്.

കുറേ കഴിഞ്ഞ് വലുതായപ്പോള്‍ അവള്‍ക്ക് പാവാടയും ചുരീദാറും വാങ്ങിച്ചുകൊടുത്താല്‍ അവള്‍ക്ക് വേണ്ട. അവള്‍ക്ക് നിക്കര്‍ മാത്രം മതി. ജനിച്ച കൊച്ച് നിക്കര്‍ വേണം എന്ന് പറഞ്ഞില്ല. അവരെ ഷോട്ട്‌സ് ഇട്ട് വളര്‍ത്തിയത് പാരന്റ്‌സ് തന്നെയാണ്. ഒരു കുട്ടിയെ ഷോട്ട്‌സ് ഇട്ട് വളര്‍ത്തിയതുകൊണ്ടാണ് ആ പെണ്‍കുട്ടിക്ക് മറ്റൊരു പെണ്‍കുട്ടിയോട് ക്രഷ് ഉണ്ടായത്. ഇപ്പോഴത്തെ ബിഗ് ബോസ് സീസണില്‍ അത് കണ്ടില്ലേ. അതിനകത്ത് നടന്ന സംഭവമാണ്. ഒരു പെണ്‍കുട്ടിക്ക് മറ്റൊരു പെണ്‍കുട്ടിയോട് ക്രഷ് ഉണ്ടായി'- രജിത് കുമാര്‍ പറഞ്ഞു.ഇതൊരു തെറ്റായ പ്രസ്താവനയല്ലേ എന്ന് അഭിമുഖത്തിനിടെ അവതാരകന്‍ ചോദിച്ചപ്പോള്‍ ചാന്തുപൊട്ട് എന്ന സിനിമ കണ്ടില്ലേ, ദിലീപ് എന്തുവേഷമാണ് ധരിച്ചത് എന്നാണ് രജിത് കുമാര്‍ ചോദിച്ചത്.

'നമ്മള്‍ ധരിക്കുന്ന വേഷങ്ങള്‍ നമ്മുടെ ചിന്തകളും ജനിച്ചിരിക്കുന്ന വ്യക്തിയുടേത് അല്ലാതെ ഓപ്പോസിറ്റിന്റേതായി വരുകയാണെങ്കില്‍ നമ്മുടെ ബോഡിയുടെ ഹോര്‍മോണിന്റെ ഒര്‍ജിനലിന്റെ അളവ് കൂടുമോ കുറയുമോ എന്നുള്ളത് പോയി ഒന്ന് പഠിച്ചു നോക്കൂ. നമ്മുടെ ശരീരത്തില്‍ രണ്ട് ഹോര്‍മോണുകളുമുണ്ട്. ഞാന്‍ എന്ന പുരുഷനില്‍ സ്ത്രീയുടെ ഹോര്‍മോണുമുണ്ട്. എന്നിലെ സ്ത്രൈണയുടെ ഹോര്‍മാണാണ് ഡെവലെപ്പ് ചെയ്യാന്‍ ശ്രമിക്കുന്നതെങ്കില്‍ എന്റെ ഒര്‍ജിനലായി കിട്ടിയ ഹോര്‍മോണിന്റെ അളവ് കുറയില്ലേ'- രജിത് കുമാര്‍ പറഞ്ഞു.