കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 7ൽ നിന്ന് സ്വയം വാക്കൗട്ട് നടത്തിയ നടിയും അവതാരകയുമായ രേണു സുധി ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോഗ്യപരമായ കാരണങ്ങളും വ്യക്തിപരമായ മാനസിക സമ്മർദ്ദങ്ങളുമാണ് ഷോയിൽ നിന്ന് പുറത്തുവരാൻ തന്നെ പ്രേരിപ്പിച്ചതെന്ന് രേണു സുധി വ്യക്തമാക്കി. ഷോയുടെ തുടക്കം മുതൽ പുറത്താവുമെന്ന് പ്രവചിക്കപ്പെട്ട പേരുകളിലൊന്നായിരുന്നു രേണുവിന്റേത്.

ആദ്യ ആഴ്ചകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചെങ്കിലും പിന്നീട് ടാസ്കുകളിൽ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ലെന്ന് രേണു സമ്മതിച്ചു. പലതവണ ബിഗ് ബോസിനോട് വീട്ടിൽ പോകാൻ താൻ ആവശ്യപ്പെട്ടിരുന്നതായും അവർ കൂട്ടിച്ചേർത്തു. "ഞാൻ ഓക്കെ അല്ല. മൈൻഡ് ഔട്ട് ആണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ട്. സുധിച്ചേട്ടൻ മരിച്ചതിന്റെ ട്രോമയിലായിരുന്നു. ഷോയിൽ വന്നപ്പോൾ വീണ്ടും ആ ഒറ്റപ്പെടൽ അനുഭവപ്പെട്ടു. അതുകൊണ്ടാണ് ഞാൻ ഇറങ്ങിപ്പോന്നത്," രേണു പറഞ്ഞു.

താൻ ബിഗ് ബോസ് മെറ്റീരിയലല്ലെന്ന് പറഞ്ഞവർക്ക് മുന്നിൽ ഒരു ദിവസമെങ്കിലും ലാലേട്ടൻ തന്നെ ഷോയിൽ നിർത്തിയെന്ന് കാണിക്കാനാണ് താൻ ശ്രമിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഒരു മാസവും അഞ്ച് ദിവസവുമാണ് താൻ ഷോയിൽ നിന്നത്. ഇത് തനിക്കെതിരെ സംസാരിച്ചവർക്കുള്ള മറുപടിയാണെന്നും രേണു സുധി വ്യക്തമാക്കി.