- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് കരഞ്ഞുകൊണ്ട് പോലീസ് സ്റ്റേഷന് മുന്നിൽ; എല്ലാവരും എന്നോട് ദേഷ്യപ്പെട്ടു; ഇന്ന് അതെ സ്ഥലത്ത് വളരെ അഭിമാനത്തോടെ നിൽക്കുന്നു; ചർച്ചയായി രേണുവിന്റെ വാക്കുകൾ
അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി, ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്നതിനിടെ ഒരു പഴയ അനുഭവം പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിൽ ഒരു ബ്യൂട്ടി പാർലർ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് അവർ ഈ കാര്യം വെളിപ്പെടുത്തിയത്.
ചടങ്ങിൽ സംസാരിക്കുന്നതിനിടെ രേണു പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു: "ഇന്നത്തെ ഈ ഉദ്ഘാടനം എനിക്കൊരു മധുരപ്രതികാരം കൂടിയാണ്." തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ ഒരു വ്ലോഗർക്കെതിരെ പരാതി നൽകാൻ മുമ്പ് ചങ്ങനാശ്ശേരിയിലെ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ എത്തിയിരുന്ന സംഭവം അവർ ഓർത്തെടുത്തു.
അന്ന്, പോലീസ് ഉദ്യോഗസ്ഥർ തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് രേണു മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുന്ന വീഡിയോ വൈറലായിരുന്നു. നീതി ലഭിച്ചില്ലെന്ന് പറഞ്ഞ് അവർ വിഷമിച്ചുനിന്ന അതേ പോലീസ് സ്റ്റേഷന് എതിർവശത്തുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടകയായിട്ടാണ് ഇന്ന് രേണു എത്തിയിരിക്കുന്നത്.
അന്ന് കരഞ്ഞുകൊണ്ട് നിന്ന സ്ഥലത്തിന്റെ ഓപ്പോസിറ്റ് തന്നെ ഇങ്ങനെയൊരു ചടങ്ങിന് തന്നെ വിളിച്ചതിനെ അവർ 'മധുരപ്രതികാരം' എന്ന് വിശേഷിപ്പിച്ചു. "ആ ഉദ്യോഗസ്ഥന്മാർ ഇപ്പോൾ അവിടെ ഇല്ല, പുതിയ ഉദ്യോഗസ്ഥരുണ്ട്. ഞാൻ അവരെയല്ല പറയുന്നത്. നല്ല ഉദ്യോഗസ്ഥരും ഉണ്ട്. എന്നാൽ അന്ന് അങ്ങനെ അല്ലായിരുന്നു," രേണു പറഞ്ഞു.
കൊല്ലം സുധിയുടെ മരണശേഷം അഭിനയ രംഗത്തേക്ക് കടന്നുവന്ന രേണു, വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ടിരുന്നു. ഈ പ്രതിസന്ധികൾക്കിടയിലും അവർ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലും പങ്കെടുത്തു. ഇന്ന് പരിഹസിച്ചവർക്ക് മുന്നിൽ അഭിമാനത്തോടെ നിൽക്കുന്ന രേണുവിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ്.




