മൂഹമാധ്യമങ്ങളിലെ കടുത്ത വിമർശനങ്ങൾക്ക് മറുപടിയുമായി പ്രമുഖ സോഷ്യൽ മീഡിയ താരമായ രേണു സുധി രംഗത്ത്. "നിങ്ങളിൽ പാപം ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ" എന്ന ബൈബിൾ വചനം കടമെടുത്താണ് രേണു തന്റെ വിമർശകരെ വെല്ലുവിളിച്ചത്. നെഗറ്റീവ് അഭിപ്രായങ്ങൾ തന്നെ തളർത്താൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.

നിരന്തരമായ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെയുള്ള പ്രതികരണത്തിൽ, "ബൈബിളിൽ കർത്താവ് പറയുന്നു, നിങ്ങളിൽ പാപം ചെയ്യാത്തവർ അവളെ കല്ലെറിയട്ടെ. അതെ, ഞാനും പറയുന്നു. നിങ്ങളിൽ പാപം ചെയ്യാത്തവന്മാർ എന്നെ കല്ലെറിയട്ടെ," എന്ന് രേണു സുധി പറഞ്ഞു. സോഷ്യൽ മീഡിയയിൽ തന്റെ കുറ്റങ്ങൾ പറഞ്ഞ് വ്ലോഗ് ചെയ്യുന്നവരോടും നെഗറ്റീവ് കമന്റുകളിടുന്നവരോടും പരസ്പരം മാറിനിന്ന് തന്നെ കുറ്റപ്പെടുത്തി ആത്മസംതൃപ്തി നേടുന്നവരോടുമാണ് രേണു ഈ വെല്ലുവിളി ഉയർത്തിയത്.

തന്റെ വസ്ത്രധാരണത്തെക്കുറിച്ചും, പുരുഷന്മാരുമായി സംസാരിക്കുന്നതിനെക്കുറിച്ചും ഉയരുന്ന വിമർശനങ്ങളെ അവർ ശക്തമായി ഖണ്ഡിച്ചു. "രേണു സുധിക്ക് വയറ് കാണിക്കാൻ പറ്റില്ല. രേണു സുധിക്ക് അങ്ങനെ ചെയ്യാനാവില്ല, ഇങ്ങനെ ചെയ്യാനാവില്ല. രേണു സുധിക്ക് ഒരു ആണിനോട് സംസാരിക്കാൻ പറ്റില്ല എന്നൊക്കെ പറയുന്നവർ മനസിലാക്കണം, രേണു സുധി ഒരു മനുഷ്യനാണ്. അല്ലാതെ തലതൊട്ട് കാൽ വരെ പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കി വെച്ച സാധനമൊന്നുമല്ല," അവർ കൂട്ടിച്ചേർത്തു. ലോകത്ത് കുറ്റം ചെയ്യുന്ന ഒരേ ഒരാൾ താനല്ലെന്നും എവിടെ പോയാലും തന്റെ മേക്കിട്ട് കയറാൻ വരികയാണെന്നും രേണു പറഞ്ഞു.

എത്ര വിമർശനങ്ങൾ ഉണ്ടായാലും താൻ തളരില്ലെന്നും മുന്നോട്ട് പോകുമെന്നും രേണു സുധി ഉറപ്പിച്ചുപറഞ്ഞു. തന്റെ പ്രശസ്തി കുറഞ്ഞുവെന്നും 'ഫീൽഡ് ഔട്ടായി' എന്നും പറയുന്നവരോട്, "ഞാൻ സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കാൻ വന്ന ആളല്ല, ഒഴുക്കിനനുസരിച്ച് വന്നതാണ്. ഇനി ഫീൽഡ് ഔട്ടായാലും എന്നെ സ്നേഹിക്കുന്നവരുണ്ടെങ്കിൽ ഞാൻ ജീവിക്കും," എന്നും അവർ കൂട്ടിച്ചേർത്തു. നിരന്തരമായ വിമർശനങ്ങളോട് രേണു സുധി തന്റെ ശക്തമായ നിലപാടുകളിലൂടെ പ്രതികരിക്കുന്നത് സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായിട്ടുണ്ട്.